സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

0

കോഴിക്കോട്: ദളിത് യുവതി നല്‍കിയ ലൈംഗികാതിക്രമണക്കേസില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ സിവിക് ചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിശദമായ വാദം കേള്‍ക്കണമെന്ന പ്രോസിക്യൂഷന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് കേസ് മാറ്റിയത്.

എഴുത്തുകാരിയും, ഹയര്‍ സെക്കന്‍ഡറി അധ്യാപികയുമായ യുവതിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയയായിരുന്നു സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തത്. സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടതായി പോലീസ് വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള വീട്ടില്‍ സിവികിനെ തേടി പലതവണ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തമിഴ്നാട്ടിലേക്ക് കടന്നുവെന്നായിരുന്നു വിവരം. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമപ്രകാരമാണ് കേസ്.