കൊറോണ :പ്രതിസന്ധി മറികടക്കാന്‍ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ്; എല്ലാവർക്കും ഒരുമാസത്തേക്ക് സൗജന്യ റേഷൻ

0

തിരുവനന്തപുരം: കൊറോണയെത്തുടർന്ന് കേരളത്തിലെ സാമ്പത്തിക മേഖലയിൽ ഉണ്ടായ തിരിച്ചടി നേരിടാൻ പാക്കേജുമായി സംസ്ഥാന സർക്കാർ. ഇതിനായി 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.

സാധാരണ ജനജീവിതം ദുസഹമായ പോലെ സാമ്പത്തിക രംഗവും തകര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ ലഭ്യമാക്കും. ഏപ്രിൽ, മേയ് മാസങ്ങളിൽ 1000 കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഈ മാസം തന്നെ നൽകും.

സംസ്ഥാനത്താകെ എ.പി.എൽ,​ ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുമാസത്തെ ഭക്ഷ്യധാന്യം നൽകും. നേരത്തെ പ്രഖ്യാപിച്ച ഭക്ഷണ ശാലകൾ ഏപ്രിലിൽ തന്നെ ആരംഭിക്കും. 1000ഭക്ഷണ ശാലകളിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 20 രൂപയ്ക്ക് ഭക്ഷണം നല്‍കും. 50കോടി ഇതിനുവേണ്ടി മാറ്റിവയ്ക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അതിനൊപ്പം വിവിധ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുള്ള കുടിശികകള്‍ ഏപ്രിലില്‍ തന്നെ കൊടുത്ത് തീര്‍ക്കും. ഓട്ടോ, ടാക്‌സിക്കാരുടെ നികുതിയില്‍ ആലോചന നടത്തുമെന്നും അവര്‍ക്കുള്ള ഫിറ്റ്‌നെസ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീയറ്ററുകള്‍ക്കുള്ള വിനോദ നികുതിയിലും ഇളവ് നല്‍കും. കൊവിഡ് 19 വ്യാപനം തടയാന്‍ സൈന്യ, അര്‍ദ്ധസൈന്യ വിഭാഗങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവരുമായി ചര്‍ച്ച നടത്തിയതായും പിണറായി വിജയന്‍ അറിയിച്ചു.