മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്: റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ശുപാർശ ചെയ്യും

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയിൽ വ്യാപക തട്ടിപ്പിൽ പങ്കാളികളായ റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയും ഡോക്ടർമാർക്കെതിരെയും കേസെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്യും. തുടരന്വേഷണത്തിന് റവന്യൂ ഓഡിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ കത്ത് നൽകി.

പ്രാഥമിക അന്വേഷണത്തിൽ നടത്തിൽ കണ്ടെത്തിയ വൻ തട്ടിപ്പുകളിലാകും ആദ്യം വിശദമായ അന്വേഷണം. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലയിലാണ് ഇതേവരെ നടത്തിയ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. നൂറിലധികം അപേക്ഷകളിൽ പോലും ഒരേ ഏജൻറിൻെറ പേര് കണ്ടെത്തിയിട്ടുണ്ട്. ഒരു ഡോക്ടർ തന്നെ നിരവധി പേർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. സ്വകാര്യ ആയുർവേദ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റിലും പണം കൈമാറിയിട്ടുണ്ട്

വലിയ വരുമാനമുളളവർക്കും വരുമാനം താഴ്ത്തിയുള്ള സർട്ടിഫിക്കറ്റുകളാണ് തട്ടിപ്പിനായി നൽകിയത്. ഇങ്ങനെ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ താലൂക്ക്, കലക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാകും തുടരന്വേഷണം. ഒപ്പം സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാരെക്കുറിച്ചും വിശദമായ അന്വേഷണത്തിൽ ക്രമക്കേട് തെളിഞ്ഞാൽ കേസെടുത്ത് അന്വേഷണം നടത്താൻ ശുപാർശ നൽകും. കൊല്ലം ശാസ്തമംഗലത്ത് അപേക്ഷ സമർപ്പിക്കാത്ത വ്യക്തിക്ക് വീട് അറ്റകുറ്റപ്പണിക്ക് നാലു ലക്ഷം രൂപ സർക്കാരിൽ നിന്നും അനുവദിച്ചതിലും വിശദമായ അന്വേഷണം നടക്കുകയാണ്. തട്ടിപ്പിൻറെ വ്യാപ്തി കൂടുതലായതിനാൽ വിജിലൻസിന് മാത്രം തുടരന്വേഷണം നടത്താനാകില്ല. അത് കൊണ്ടാണ് റവന്യും ഓഡിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം തേടിയത്. പതിനായിരക്കണക്കിന് അപേക്ഷകളാണ് പരിശോധിക്കേണ്ടത്. വിപുലമായ അന്വേേഷണത്തിന് കൂടുതൽ സമയവും ആവശ്യമാണ്.