ലൈഫ് മിഷന്‍ കോഴക്കേസ്; എം.ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു

0

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു. കൊച്ചി കലൂരിലെ പിഎംഎല്‍എ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ ശിവശങ്കറെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ശിവശങ്കറെ കൂടുതല്‍ ദിവസം കസ്റ്റിഡിയില്‍ വിടണമെന്ന് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടില്ല. കേസില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയായിരുന്നു അടച്ചിട്ട കോടതി മുറിയിലെ നടപടിക്രമങ്ങള്‍. എം ശിവശങ്കര്‍ ആവശ്യപ്പെട്ടതിനാലാണ് അടച്ചിട്ട മുറിയിലാക്കിയത്. നടപടിയെ ഇ.ഡിയും പിന്തുണച്ചിരുന്നു. ഒന്‍പത് ദിവസമാണ് ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറെ ഇ ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്.

അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഇ.ഡി ആവശ്യപ്പെട്ടതനുസരിച്ച് നാലുദിവസം കൂടി ശിവശങ്കറിനെ കോടതി കസ്റ്റഡിയില്‍ വിടുകയായിരുന്നു. കേസില്‍ സ്വപ്ന സുരേഷുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകള്‍ തന്റെ തന്നെയെന്ന് എം ശിവശങ്കര്‍ സമ്മതിച്ചതായാണ് സൂചന. ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വ്യാപ്തിയുള്ളതാണ് എന്നാണ് ഇ. ഡി കോടതിയില്‍ അറിയിച്ചിരുന്നത്.