ഞായറാഴ്ച സമ്പൂർണ്ണ അവധി; സംസ്ഥാന സർക്കാരിന്റെ ലോക്ക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും

0

തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇനി മുതല്‍ ഞായറാഴ്ച പൂര്‍ണ്ണ അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 3 ഞായറാഴ്ച കടകള്‍ തുറക്കുന്നതിന് ഇളവ് നല്‍കും. അതിന് ശേഷമുള്ള ഞായറാഴ്ചകളിലാണ് കടകള്‍ അടച്ചിടേണ്ടത്. വാഹനങ്ങൾ പുറത്തിറങ്ങുന്നതിനും ഞായറാഴ്ച വിലക്കുണ്ടാവും. അവശ്യസേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് 15വരെ പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്-19നെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കേന്ദ്രസർക്കാർ ഈ മാസം 14 വരെ നീട്ടിയിരുന്നു. ഇതിനൊപ്പം കോവിഡ് വ്യാപനം കുറഞ്ഞ ഗ്രീൻ സോൺ ജില്ലകളിൽ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പുതിയ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് നഗരസഭകളിൽ വാർഡ് അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ നിശ്ചയിക്കുന്നത്. പഞ്ചായത്തുകൾ മുഴുവനായാണ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇനിമുതൽ പഞ്ചായത്തുകളിലും വാർഡ് അടിസ്ഥാനത്തിലാണ് കണ്ടെയ്ൻമെനറ് സോണുകൾ പ്രഖ്യാപിക്കുക എന്ന് കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് ബാധിതമേഖലയായ വാർഡും സമീപ വാർഡുകളുമാണ് കണ്ടെയ്ൻമെനറ് സോണുകളായി പ്രഖ്യാപിക്കുക.

പൊതുഗതാഗതം അനുവദിക്കില്ല, സ്വകാര്യ വാഹനങ്ങൾക്ക് ഉപാധികളോടെ യാത്ര ചെയ്യാം. നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ രണ്ടുപേർ മാത്രം. ഹോട്ട്സ്പോട്ടിൽ അതും അനുവദിക്കില്ല. ഇരുചക്ര വാഹനത്തിൽ ഒരാൾ മാത്രം. പിൻസീറ്റിൽ ആൾ പാടില്ല. എന്നാൽ, ജോലി ആവശ്യങ്ങൾക്കായി വനിതകളെ ഓഫീസിലെത്തിക്കുന്നതിന് ഇക്കാര്യത്തിൽ ഇളവ്. ആളുകൾ കൂടുന്ന ചടങ്ങുകളും മറ്റു പരിപാടികളും പാടില്ല. പാർക്ക്, ജിം,മാൾ, സിനിമാ ശാലകൾ അടഞ്ഞു കിടക്കും. മദ്യഷാപ്പുകൾ തുറക്കില്ല.

ഗ്രീൻ സോണിലും ബസ് സർവീസ് ഇല്ല. ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ തുറക്കില്ല. ബാർബർമാർക്ക് വീടുകളിൽ പോയി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാം. വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയിൽ 20ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതിനുള്ള വിലക്ക് തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. പരീക്ഷാ നടത്തിപ്പിന് നിബന്ധന പാലിച്ച് തുറക്കാം. അവശ്യ സർവീസുകളല്ലാത്ത സർക്കാർ ഓഫീസുകൾ നിലവിലെപ്പോലെ പ്രവർത്തിക്കാം. എ,ബി വിഭാഗം ജീവനക്കാർ 50 ശതമാനവും സി,ഡി വിഭാഗം ജീവനക്കാർ 33 ശതമാനവും മാത്രം ഹാജരായാൽ മതി.

ഗ്രീൻ സോണിലെ ഇളവുകൾ

ആഴ്ചയിൽ ആറ് ദിവസം കടകൾ തുറക്കാം. പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് 7.30 വരെ. സേവന മേഖല സ്ഥാപനങ്ങൾക്ക് പരമാവധി 50 ശതമാനം ജീവനക്കാരെ വച്ച് ആഴ്ചയിൽ 3 ദിവസം പ്രവർത്തിക്കാം. ഹോട്ട് സ്പോട്ടുകളൊഴികെയുള്ള മേഖലകളിൽ ഹോട്ടലുകൾക്ക് പാഴ്സൽ നൽകാം. എന്നാൽ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല.

ഹോട്ട് സ്പോട്ട് ഒഴികെ ഗ്രീൻ സോൺ, ഓറഞ്ച് സോൺ ജില്ലകളിൽ പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് കാറുകളിൽ അന്തർ ജില്ലാ യാത്രക്ക് അനുമതി. കാറിൽ ഡ്രൈവർക്കും പരമാവധി രണ്ടുപേർക്ക് യാത്രചെയ്യാം.

ചരക്കു വാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണമില്ല.ഒന്നിലധികം നിലകളില്ലാത്ത ചെറുകിട വസ്ത്ര സ്ഥാപനങ്ങൾക്ക് അഞ്ചിൽ താഴെ ജീവനക്കാരുമായി പ്രവർത്തിക്കാം. അത്യാവശ്യ കാര്യങ്ങൾക്ക് രാവിലെ 7 മുതൽ രാത്രി 7.30 വരെ ജനങ്ങൾക്ക് പുറത്തിറങ്ങാം. 65 നു മുകളിലുള്ളവരും, 10 വയസിനു താഴെ കുട്ടികളും വീടുകളിൽ കഴിയണം. രാത്രി 7.30നും രാവിലെ ഏഴിനും ഇടയിൽ പുറത്തിറങ്ങുന്നതിന് നിയന്ത്രണം. നിയന്ത്രണങ്ങൾക്ക് വിധേയമായി ടാക്സി വാഹനങ്ങളും യൂബർ പോലുള്ള ഓൺലൈൻ കാബ് സേവനങ്ങളും അനുവദിക്കും. ഡ്രൈവർക്കും രണ്ടു യാത്രക്കാർക്കും മാത്രം യാത്രചെയ്യാം.

റെഡ് സോൺ

അത്യാവശ്യവും അനുവദനീയമായ കാര്യങ്ങൾക്ക് റെഡ് സോണിൽ വാഹങ്ങൾ ഓടാൻ അനുവദിക്കും. കണ്ണൂർ, കോട്ടയം ജില്ലകളാണ് സംസ്ഥാനത്ത് റെഡ് സോണിലുള്ളത്. കാസർകോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, വയനാട് ജില്ലകളാണ് ഓറഞ്ച് സോണിൽ. രാജ്യത്താദ്യമായി കൊവിഡ് കേസ് സ്ഥിരീകരിച്ച തൃശൂര്‍ ജില്ല കൊവിഡ് തീവ്രത ഏറ്റവും കുറഞ്ഞ ഗ്രീൻ സോണിലാണ് ഏറണാകുളം, ആലപ്പുഴ എന്നിവയാണ് മറ്റ് ഗ്രീൻ സോൺ ജില്ലകൾ.

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല ഇപ്പോള്‍ 80 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. 23 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്. ഏറ്റവുമധികം കൊവിഡ് ബാധിതര്‍ ചികിത്സയില്‍ ഉള്ളത് കണ്ണൂരാണ് 38 പേര്‍, ഇവരില്‍ രണ്ട് പേര്‍ കാസര്‍കോട് സ്വദേശികളാണ്. കോട്ടയത്ത് 18 പേരും കൊല്ലം, ഇടുക്കി ജില്ലകളില്‍ 12 പേര്‍ വീതവും ചികിത്സയിലാണ്.

സംസ്ഥാനത്ത് കൊവിഡ് ഭേദമായവരില്‍ ആറ് പേര്‍ കണ്ണൂരിലും രണ്ട് പേര്‍ ഇടുക്കിയിലുമാണ്. 96 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 31183 സാമ്പിളുകള്‍ പരിശോധിച്ചു. 30358 എണ്ണത്തില്‍ രോഗബാധയില്ല. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 2091 സാമ്പിളുകളില്‍ 1234 എണ്ണം നെഗറ്റീവായി.