കണ്ണൂരില്‍ കോവിഡ് 19 രോഗമുക്തരായ ദമ്പതിമാര്‍ക്ക്‌ കുഞ്ഞു പിറന്നു

0

കണ്ണൂര്‍: എങ്ങും രോഗബാധയും മരണഭീതിയും തിങ്ങി നിറഞ്ഞ കൊറോണക്കാലത്ത് ഒരു ശുഭവാർത്ത, കോവിഡ് 19 രോഗമുക്തരായ ദമ്പതിമാര്‍ക്ക്‌ കുഞ്ഞുപിറന്നു. കണ്ണൂരില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കാസര്‍കോട് സ്വദേശിയായ യുവതിക്കാണ് ഒരാൺകുഞ്ഞ് പിറന്നത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് യുവതിയുടെ സിസേറിയന്‍ നടന്നത്. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുവതിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാണ് ഈക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. ഇത് ഒരു സന്തോഷ വാര്‍ത്തയാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്കും അവരെ പരിചരിച്ച മെഡിക്കല്‍ ടീമിനും മുഖ്യമന്ത്രി അഭിനന്ദനൾ പറഞ്ഞു.

വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചാണ് ഡോക്ടര്‍മാരും നഴ്‌സുമാരും സിസേറിയന്‍ നടത്തിയത്. കുഞ്ഞിന്റെ സ്രവസാമ്പിളുകള്‍ പരിശോധനയക്കായി അയച്ചിട്ടുണ്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍. റോയി വാരവാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പ്രതികരിച്ചു. കഴിഞ്ഞദിവസമാണ് യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ആയത്. യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനില്‍ തുടരും. യുവതിയുടെ ഭര്‍ത്താവും കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. കുറച്ചുദിവസത്തിനു ശേഷമേ കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് കൊണ്ടുവരികയുള്ളൂ. അതിനു ശേഷമേ കുഞ്ഞിനെ അമ്മയ്ക്ക് മുലയൂട്ടി തുടങ്ങാനാകൂ.- ഡോ. റോയ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇന്ന് പുതുതായി 10 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കാസര്‍ഗോഡ് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും വന്നവരാണ് 7 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം ബാധിച്ചത്. ഇന്ന് 19 പേര്‍ക്ക് രോഗം ഭേദമായി, കാസര്‍ഗോഡ് 9 , ഇടുക്കി 2, പാലക്കാട് 4, തിരുവന്തപുരം 3, തൃശ്ശൂര്‍ എന്നിങ്ങനെയാണ് രോഗം ഭേദമായത്.ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 228 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.