കൊച്ചി വാട്ടർ മെട്രൊയുടെ ആദ്യ സർവീസുകൾ ആരംഭിച്ചു; രാത്രി 8 മണി വരെ യാത്രാ സൗകര്യം

0

കൊച്ചി: പ്രധാനമന്ത്രി ഇന്നലെ നാടിനു സമർപ്പിച്ച കൊച്ചി വാട്ടർ മെട്രൊയിൽ പൊതുജനങ്ങൾക്കുള്ള സർവീസ് ആരംഭിച്ചു. ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിലാണ് ഇന്ന് സർവീസ് ഉണ്ടായിരുന്നത്. രാവിലെ 7 മുതൽ രാത്രി 8 മണി വരെ സർവീസ് ഉണ്ടാകും.നാളെ വൈറ്റില-കാക്കനാട് ടെർമിനലുകളിൽ സർവ്വീസുണ്ടാകും.

നാളെ മുതൽ ഫീഡർ സർവീസുകൾ കാക്കനാട് മെട്രൊ സ്റ്റേഷനോട് അനുബന്ധിച്ച് ഉണ്ടാകുമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബഹ്റ അറിയിച്ചു. ബോട്ടുകളിൽ 100 പേർക്ക് സഞ്ചരിക്കാം ബാറ്ററിയിലും ഡീസൽ ജനറേറ്ററിലുമാണ് ബോട്ടുകൾ പ്രവർത്തിക്കുക.15 മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാകും. വൈറ്റില-കാക്കനാട് റൂട്ടിലെ സമയക്രമം തീരുമാനിച്ചിട്ടില്ല. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിനകം എത്താനാകും.

വളരെ കുറഞ്ഞ യാത്ര നിരക്കുകളാണ് വാട്ടർമെട്രൊയുടെ പ്രത്യേകത. 20 രൂപയാണ് വാട്ടർ മെട്രൊയുടെ ഏറ്റവും കുറഞ്ഞ നിരക്ക്. കൂടിയ ചാർജ് 40 രൂപ. ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിൽ 20 രൂപയും വൈറ്റില-കാക്കനാട് റൂട്ടിൽ 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറുമുള്ള പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്ര പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വൺ കാർ‌ഡ് ഉപയോഗിച്ച് വാട്ടർ മെട്രൊയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യൂആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാന്‍ സാധിക്കും.