വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; ഉത്സവം ലളിതമാക്കണം

0

തിരുവനന്തപുരം: കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളജുകളും പ്രഫഷനല്‍ സ്ഥാപനങ്ങളും, അങ്കണവാടികളും, മദ്രസ കളും, മാര്‍ച്ച് 31വരെ പ്രവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി. പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉത്സവങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കും. കല്യാണങ്ങള്‍ ചെറിയ ചടങ്ങായി ഒതുക്കണം. ജനങ്ങളെ വലിയ രീതിയില്‍ അണിനിരത്തുന്നത് ആരാധനാലയങ്ങള്‍ ഒഴിവാക്കണം. ശബരിമലയില്‍ അടക്കം പൂജാ ചടങ്ങുകള്‍ മാത്രം. ദര്‍ശനം ഒഴിവാക്കണം. സര്‍ക്കാര്‍ പരിപാടികള്‍ ഒഴിവാക്കും. നിയമസഭാ സമ്മേളനം ഒഴിവാക്കില്ല. രോഗം പരമാവധി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വിദേശത്തുനിന്ന് വരുന്നവര്‍ രോഗവിവരം മറച്ചുവയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളില്‍ മാര്‍ച്ച് മാസം പൂര്‍ണമായും അടച്ചിടും. എട്ട്, ഒമ്പത് ക്ലാസുകളില്‍ പരീക്ഷ നടക്കും. ഇപ്പോള്‍ എസ്.എസ്.എല്‍.സി. പരീക്ഷക്കയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ജാഗ്രതയോടെയാവും ഈ പരീക്ഷകളും നടത്തുക. എന്നാല്‍ എട്ട്, ഒമ്പത് ക്ലാസുകള്‍ ഈ മാസം ഇനി സ്‌കൂളില്‍ പ്രവര്‍ത്തിക്കില്ല. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാവര്‍ക്കും ഇതു ബാധകമാണ്. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള കേളേജുകള്‍ക്ക് മാര്‍ച്ച് മാസം അടച്ചിടേണ്ടതായിട്ടുണ്ട്.

എസ്.എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കും. പരീക്ഷകള്‍ എഴുതുന്നവരില്‍ നിരീക്ഷണത്തില്‍ ഉള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക മുറിയില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. അവര്‍ക്ക് സേ പരീക്ഷയെഴുതാനേ സാധിക്കു.

ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയില്‍ പെട്ടുകഴിഞ്ഞ സാഹചര്യത്തിലാണ്. സംസ്ഥാനത്ത് വൈറസ് എണ്ണം 15 ആയെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. ഇതില്‍ മൂന്നു പേരുടെ രോഗം മാറി. ചികിത്സയിലുള്ള 12 പേരില്‍ നാലു പേര്‍ ഇറ്റലിയില്‍നിന്ന് വന്നവരും എട്ടുപേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 1116 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 967 പേര്‍ വീടുകളിലാണ്. 149 പേര്‍ ആശുപത്രികളിലുണ്ട്. സംശയിക്കുന്ന 807 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ 717 സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. ബാക്കി ഫലങ്ങള്‍ വരാനുണ്ട്.

ഇറ്റലി, ഇറാന്‍, ചൈന, സൗത്ത് കൊറിയ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വമേധയാ മുന്‍കരുതല്‍ എടുക്കണം. അത്തരക്കാര്‍ വീടുകളിലോ ഹോട്ടലുകളിലോ മറ്റാളുകളെ സ്വീകരിക്കുകയോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. വിദേശ പൗരന്മാര്‍ സ്റ്റേറ്റ് സെല്ലിനെ വിവരം അറിയിക്കണം. വിവരങ്ങള്‍ മറച്ചുവെക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.