തരൂരും സര്‍ദേശായിയും അടക്കം എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

0

ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ വെടിയേറ്റു മരിച്ചെന്ന് ട്വീറ്റ് ചെയ്ത ശശി തരൂര്‍ എം.പി.ക്കെതിരെ യു.പി. പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഇന്ത്യടുഡേയിലെ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവാന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് എന്നിവര്‍ക്കെതിരേയും കേസെടുത്തു.

ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ ലഭിച്ച പരാതിയിലാണ് നടപടി. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയിഡ പൊലീസാണ് എട്ട് പേർക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസ് നിയമപരമായി നേരിടുമെന്ന് വിനോദ് കെ ജോസ് പ്രതികരിച്ചു. അഭിഭാഷകർ ഇതിനായുള്ള നടപടികൾ തുടങ്ങിയെന്നും കാരവാൻ എഡിറ്റർ പറഞ്ഞു.

കര്‍ഷകന്‍ വെടിയേറ്റു മരിച്ചെന്നായിരുന്നു ആദ്യം കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നത്. കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞാണെന്ന് ഡല്‍ഹി പൊലീസ് പിന്നീട് ദൃശ്യങ്ങള്‍ സഹിതം വിശദീകരിച്ചിരുന്നു. വെടിയേറ്റ് മരിച്ചെന്ന് വാര്‍ത്ത നല്‍കിയതിനും ട്വീറ്റിനും ഇന്ത്യടുഡേ മാനേജ്‌മെന്റ് സര്‍ദേശായിയെ രണ്ടാഴ്ചത്തേക്ക് ചാനലില്‍ വിലക്കി. ഒരു മാസത്തെ ശമ്പളം വെട്ടിക്കുച്ചു.