ഇന്നും നാളെയും ലോക്ഡൗണിന് തുല്യം: പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം

0

ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം ലോക്ഡൗണിന് സമാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതി അതീവഗൗരവതരമാണ്. എല്ലാവരും വീട്ടില്‍ തന്നെ കഴിയണം. അത്യാവശ്യത്തിനുമാത്രമേ പുറത്തിറങ്ങാവൂ. അപ്പോൾ സ്വന്തം തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. തുടർന്ന് എന്തൊക്കെ നിയന്ത്രണങ്ങൾ വേണമെന്ന് തിങ്കഴാഴ്ച സർവകക്ഷി യോഗത്തിൽ തീരുമാനിക്കും. . തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എന്താണ് നടപടിയെടുക്കേണ്ടെതെന്നും തിങ്കളാഴ്ച തീരുമാനിക്കും.

നിയന്ത്രണങ്ങൾ ഇങ്ങനെ

അവശ്യ സർവീസുകൾ മാത്രമേ ശനിയും ഞായറും സംസ്ഥാനത്ത് അനുവദിക്കുകയുള്ളൂ. ഈ രണ്ട് ദിവസവും എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കാൻ തയ്യാറാകണം.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹാളുകള്‍ക്കുള്ളില്‍ പരമാവധി 75 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. മരണാനന്തരചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. ചടങ്ങുകളില്‍ ആകെ പങ്കെടുക്കാവുന്നവരുടെ എണ്ണമാണ് ഇത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം. ദീര്‍ഘദൂര യാത്ര പൊതുവെ ഒഴിവാക്കണം. വിവാഹം, മരണം മുതലായ ചടങ്ങുകള്‍, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍, ഇവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയ്യില്‍ കരുതണം. ഇതിന് പ്രത്യേക മാതൃക ഇല്ല.

ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനത്തിന് ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാം. ഇതിനായി സത്യപ്രസ്താവന കയ്യില്‍ കരുതണം. ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.

വീടുകളില്‍ മത്സ്യം എത്തിച്ച് വില്പന നടത്തുന്നതിന് തടസമില്ല. വില്പനക്കാര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ പതിവുപോലെ ഉണ്ടായിരിക്കും. പൊലീസ് പരിശോധനാ സമയത്ത് യാത്രക്കാര്‍ ടിക്കറ്റ് അഥവാ ബോര്‍ഡിങ് പാസും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കണം.

ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കും

ഇന്നത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ട്.

പരീക്ഷാകേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന രക്ഷകര്‍ത്താക്കള്‍ കൂട്ടംകൂടി നില്‍ക്കാതെ ഉടന്‍ മടങ്ങണം. പരീക്ഷ തീരുന്ന സമയത്ത് കുട്ടികളെ വിളിക്കാന്‍ തിരിച്ചെത്തിയാല്‍ മതി. പരീക്ഷാകേന്ദ്രത്തിന് മുന്നില്‍ കുട്ടികളും രക്ഷകര്‍ത്താക്കളും തിരക്കുണ്ടാക്കാതെ സാമൂഹിക അകലം പാലിക്കണം. യാത്രാസൗകര്യങ്ങള്‍ക്ക് വേണ്ട ഇടപെടല്‍ നടത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.