കൊവിഡ് 19; കേരളത്തിലെ 7 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

0

തിരുവനന്തപുരം: കൊവിഡ്19 ബാധയുടെ പശ്ചാത്തതലത്തില്‍ കേരളത്തിലെ ഏഴു ജില്ലകള്‍ അടച്ചിടും. തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളാണ് അടച്ചിടുക. കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഏഴ് ജില്ലകൾ സമ്പൂര്‍ണ്ണമായി നിശ്ചലമാകും. അവശ്യ സര്‍വ്വീസുകൾ മാത്രമായി ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. അവശ്യ സാധനങ്ങളുടെ പട്ടിക ഏതൊക്കെയെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം.

കേരളത്തിന് പുറമെ കൊവിഡ് ബാധയുള്ള സംസ്ഥാനങ്ങളിലെ ജില്ലകളിലും ലോക് ഡൗണ്‍ ഉണ്ട്. നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ അവശ്യസര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ച 75 ജില്ലകള്‍ അടച്ചിടണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ശനിയാഴ്ച പാട്നയിലെ എയിംസില്‍ മരിച്ച 38 കാരന് കൊവിഡ് 19 വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു.

ഞായറാഴ്ച മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. മാര്‍ച്ച് 21 ന് എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 56 കാരനാണ് മരിച്ചത്. അതേസമയം രാജ്യത്ത് 370 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. അവശ്യ സാധനങ്ങൾക്ക് ക്ഷാമം നേരരിടില്ലെന്ന് റവന്യു മന്ത്രി വ്യക്തമാക്കി.