മാര്‍ച്ച് 31 വരെ രാജ്യത്ത് ട്രെയിനുകളൊന്നും ഓടില്ല; ഉത്തരവ് പുറത്തിറക്കി റെയിൽവേ

0

ന്യൂഡല്‍ഹി: മാര്‍ച്ച് 31 വരെ രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ അടക്കം എല്ലാം ട്രെയിന്‍ സര്‍വീസുകളുമാണ് റദ്ദാക്കിയത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിങ്ങിലാണു സർവീസ് നിർത്തിവയ്ക്കാൻ ധാരണയിലെത്തിയത്.

കൊറോണവൈറസ് വ്യാപകമാകുന്ന സാഹചര്യത്തിലാണിത്. കൊങ്കണ്‍ റെയില്‍വെ, കൊല്‍ക്കത്ത മെട്രോ, ഡല്‍ഹി മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ അടക്കം സര്‍വീസ് നടത്തില്ല. നിലവിലുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന മുറയ്ക്കു 31 രാത്രി വരെ ട്രെയിൻ സർവീസുകൾ പൂർണമായും നിർത്തി വയ്ക്കും. ഇന്ന് രാത്രി 12ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും. എന്നാൽ ഗുഡ്‌സ് ട്രെയിനുകൾക്കു വിലക്കില്ല.

ചരക്ക് തീവണ്ടികള്‍ പതിവുപോലെ ഓടും. ട്രെയിനുകള്‍ റദ്ദാക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും റീഫണ്ടായിലഭിക്കും. ട്രെയിൻ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനാണു കടുത്ത നടപടികളിലേക്കു റെയിൽവേ നീങ്ങുന്നത്. ഘട്ടം ഘട്ടമായി റെയിൽവേ സ്റ്റേഷനുകൾ ഒഴിപ്പിക്കാനും നിർദേശം നൽകും. ജനത കർഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ഇന്നു നാനൂറോളം ട്രെയിനുകൾ മാത്രമാണു രാജ്യത്തു സർവീസ് നടത്തുന്നത്.

ജാർഖണ്ഡ്, ബംഗാൾ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും അടിയന്തരമായി നിർത്തി വയ്ക്കണമെന്നു റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ–ജബൽപൂർ ഗോൾഡൻ എക്സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ 8 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.