സംസ്ഥാനത്ത് ബസ് നിരക്ക് വർദ്ധിപ്പിച്ചു; വർധന കൊവിഡ് കാലത്തേക്ക് മാത്രം

0

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ബസ് സര്‍വീസുകള്‍ കേരളത്തില്‍ പുനരാരംഭിക്കുന്നു. ബുധനാഴ്ച മുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ഈ സാഹചര്യത്തില്‍ സമൂഹിക അകലം പാലിച്ചായിരിക്കും ബസ് സര്‍വീസുകള്‍ ആരംഭിക്കുക. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ബസ് ചാര്‍ജുകള്‍ സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു.

മിനിമം യാത്രാനിരക്ക് അൻപത് ശതമാനം വർധിപ്പിക്കും. മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് 12 രൂപയാകും. ബസ് ചാർജ് കിലോമീറ്ററിന് 70 പൈസ ആയിരുന്നത് 1 രൂപ 10 പൈസയാക്കി കൂടും. കൊവിഡ് കാലത്തേക്ക് മാത്രമുള്ള പരിഷ്കാരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്റ്റേജ് ​ഗ്യാരേജുകളുടെ വാഹനനികുതി പൂ‍ർണമായും ഈ ഘട്ടത്തിൽ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസിൽ യാത്ര ചെയ്യുമ്പോൾ പകുതി സീറ്റിൽ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. നിലവിലെ നിയന്ത്രണങ്ങളിൽ സർവ്വീസ് നടത്തുന്നത് ബസ് വ്യവസായങ്ങൾക്ക് നഷ്ടം വരുത്തും. അതിനാലാണ് ഈ താത്കാലിക ക്രമീകരണം എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാലാം ഘട്ട ലോക്ക് ഡൗണില്‍ പൊതുഗതാഗതം അനവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊതുഗതാഗതം ഭാഗികമായി പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഓട്ടോറിക്ഷകളും ടാക്‌സികളും ഓടിക്കാനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതുകൂടാതെ ജല ഗതാഗതത്തിനും അനുമതിയുണ്ട്. ബോട്ട് യാത്രാ നിരക്ക് 33 ശതമാനം വരെ വർധിപ്പിക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, യാത്രകൾക്ക് ഇളവുള്ളവർ പുതുക്കിയ യാത്രാനിരക്കിൻ്റെ അൻപത് ശതമാനം നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പൊതുഗതാഗത സൗകര്യം ഉണ്ടാവില്ല. ഇതോടൊപ്പം ജില്ല വിട്ടുള്ള യാത്രകള്‍ക്ക് പകല്‍ സമയങ്ങളില്‍ പാസ് വേണ്ടിവരില്ല. പകല്‍ സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതി.