ചാര്‍ട്ടേഡ് വിമാന യാത്ര പ്രതിസന്ധിയിൽ; കേരളത്തിലേക്ക് വരാൻ കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണം; സൗദി ഇന്ത്യന്‍ എംബസി

0

റിയാദ്: സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലെത്തുന്ന പ്രവാസികള്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അടുത്ത ശനിയാഴ്ച മുതലാണ് നിര്‍ബന്ധം.

കേരള സര്‍ക്കാര്‍ പ്രത്യേകമായി ഇക്കാര്യം ആവശ്യപ്പെട്ടതാണെന്നും റിസള്‍ട്ട് നെഗറ്റീവ് ആയാല്‍ മാത്രമേ യാത്രാനുമതി നല്‍കാനാവൂവെന്നും എംബസി പുറത്തിറക്കിയ ചാര്‍ട്ടേഡ് വിമാനസര്‍വീസ് നിബന്ധനകളില്‍ വ്യക്തമാക്കി.

കോവി‍ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ ചാര്‍ട്ടേഡ് വിമാനങ്ങളുടെ യാത്ര പ്രതിസന്ധിയിലായി. കേരളത്തിന്‍റെ ആവശ്യ പ്രകാരമാണ് എംബസി ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയത് . സൌദിയില്‍ നിന്നും 48 മണിക്കൂറിനകം ഫലം ലഭിക്കാത്തതും സ്വകാര്യ മേഖലയിലെ കോവിഡ് ടെസ്റ്റിനുള്ള വന്‍തുകയും പലരുടേയും യാത്ര മുടക്കും.

ഗള്‍ഫില്‍ പരിശോധന നടത്തി കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് മാത്രമേ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുവാദമുണ്ടാകൂ എന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന ഈ ഉത്തരവില്‍ നിന്ന് പിന്നോട്ട് പോയി എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വാക്കാല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കേരളത്തിന്റെ ഉത്തരവ് നടപ്പാക്കാന്‍ ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ നടപടികള്‍ തുടങ്ങി.

ഇരുപതോളം ചാര്‍ട്ടേഡ് വിമാനങ്ങളാണ് സൌദിയില്‍ നിന്നും അടുത്തയാഴ്ച പുറപ്പെടാനിരുന്നത്. ഇതിനിടയിലാണ് കേരളത്തിന്‍റെ പുതിയ നിബന്ധന പാലിക്കാന്‍ എംബസി ഉത്തരവിറക്കിയത്. കോവിഡ് ടെസ്റ്റ് എങ്ങനെ നടത്തണമെന്ന കാര്യം എംബസി ഉത്തരവിലും വ്യക്തമല്ല. മൂന്ന് ദിവസം മുതല്‍ ഒരാഴ്ചവരെയെടുക്കും സൌദിയില്‍ കോവിഡ് ഫലം ലഭിക്കാന്‍.

റാപ്പിഡ് ടെസ്റ്റും ആന്‍റിബോഡി പരിശോധനയും പ്രോത്സാഹിപ്പിക്കാത്ത സൌദിയില്‍ പിസിആര്‍ ടെസ്റ്റ് മാത്രമാണ് ലഭ്യം. വരുന്ന രണ്ടാഴ്ചത്തേക്ക് സൌദിയിലെ ആശുപത്രികളില്‍ കോവിഡ് ടെസ്റ്റിനുള്ള അപ്പോയിന്‍റ്മെന്‍റ് നല്‍കിക്കഴിഞ്ഞു. ലക്ഷണങ്ങളില്ലാത്തവര്‍ക്ക് കോവിഡ് ടെസ്റ്റും നടത്തില്ല. സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ടെസ്റ്റിന് മുപ്പതിനായിരം രൂപ മുതല്‍ മുകളിലേക്കാണ് ചിലവ്. ഫലത്തില്‍ വിമാനടിക്കറ്റും കോവിഡ് ടെസ്റ്റുമടക്കം ഒരു ലക്ഷം രൂപയോളം വരും ഒരാളുടെ യാത്രാ ചെലവ്. സാധാരണക്കാരനിത് താങ്ങില്ല. പുതിയ ഉത്തരവോടെ പണം വാങ്ങിയ ട്രാവല്‍സുകളും എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റു വേണമെന്ന കേരള സര്‍ക്കാരിന്റെ നിബന്ധന സൗദി മലയാളികളെയാണ് കൂടുതലായി ബാധിക്കുക. വിമാനം പുറപ്പെടും മുന്‍പുള്ള കോവിഡ് പരിശോധനയ്ക്ക് സൗദിയില്‍ അധികം സൗകര്യങ്ങള്‍ ഇല്ല. സൗദിയില്‍ കോവിഡ് മരണ സംഖ്യ ആയിരം കടന്നിട്ടുണ്ട്.

റിലധികം ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലേക്ക് പറക്കാന്‍ സജ്ജമാവുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഈ വിമാനങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലാകാനാണ് സാധ്യത. എന്നാല്‍ വന്ദേഭാരത് മിഷന്‍ വഴി യാത്ര പോകുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്ല. ഡല്‍ഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നവര്‍ക്കും ഈ നിബന്ധനയില്ല. തമിഴ്നാട്ടില്‍ എത്തിയാല്‍ കഴിയേണ്ട ക്വാറന്‍ൈന്‍ നിരക്കും കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള ഫീസും നല്‍കിയാല്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യാം.

ഡല്‍ഹിയിലേക്ക് ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ഈ നിബന്ധനയില്ല. ദല്‍ഹി, ഹരിയാന, ഭിവാഡി, ചണ്ഡിഗഡ് എന്നിവടങ്ങളില്‍ ക്വാറന്‍ൈറനില്‍ കഴിയാന്‍ സന്നദ്ധരാകണം, അതിന്റെ ഫീസ് നല്‍കണം തുടങ്ങിയവ മാത്രമേ ഈ സംസ്ഥാനങ്ങളിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നവര്‍ നല്‍കേണ്ടതുള്ളൂ.