മാധ്യമ വിലക്ക് : ജനാധിപത്യത്തോടുള്ള അവഹേളനം, ഗവർണറുടെ നടപടിക്കെതിരെ സിപിഎം

0

തിരുവനന്തപുരം : രണ്ട് മാധ്യമങ്ങളെ മാത്രം വാർത്താ സമ്മേളനത്തിൽ നിന്നും വിലക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സിപിഎം. വാർത്താ സമ്മേളനത്തിൽ നിന്ന് മാധ്യമ പ്രവർത്തകരെ ഇറക്കി വിട്ട നടപടി ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റത്തെ അംഗീകരിക്കാൻ കഴിയില്ല. ഗവർണറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് മാധ്യമങ്ങളെ വിലക്കിയത്. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ആവർത്തിച്ച ആരിഫ് മുഹമ്മദ് ഖാൻ, കൈരളി, മീഡിയ വൺ ചാനലുകളിൽ നിന്നുള്ള മാധ്യമ പ്രവ‍ർത്തകരോട് പുറത്തുപോകാനും നിർദ്ദേശിക്കുകയായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തെക്ക് പോകും മുമ്പ് മാധ്യമങ്ങളെ കാണുമെന്നും പങ്കെടുക്കാൻ താത്പര്യമുള്ളവർ രാജ്ഭവനെ മെയിൽ വഴി ബന്ധപ്പെടണമെന്നുമായിരുന്നു നിർദ്ദേശം. ഇത് പ്രകാരം മെയിൽ അയച്ച് രാജ്ഭവനിൽ നിന്നും മറുപടി അറിയിപ്പ് ലഭിച്ച പ്രകാരമാണ് മാധ്യമങ്ങളെത്തിയത്. 8.45ന് രാജ് ഭവൻ തയ്യാറാക്കിയ ലിസ്റ്റ് വായിച്ച് മാധ്യമപ്രവർത്തകരുടെ ദേഹ പരിശോധന അടക്കം നടത്തിയാണ് ഗസ്റ്റ് ഹൗസിൽ പ്രവേശിപ്പിച്ചത്. മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ ഉടൻ ഗവർണർ കൈരളിയിൽ നിന്നും, മീഡിയാ വണിൽ നിന്നും എത്തിയ മാധ്യമപ്രവർത്തകരെ ഇറക്കിവിടുകയായിരുന്നു.
ഗവർണറുടെ ‘കടക്ക് പുറത്ത്’ ജനാധിപത്യവിരുദ്ധം, പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുത്: വി ഡി സതീശന്‍

ഗവർണറുടെ മാധ്യമ വിലക്കിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. ഗവർണറുടെ മാധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞു. മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. വാർത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോൾ അവരെ വിരട്ടി പുറത്താക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇത് പുച്ഛത്തോടെ തളളികളയണമെന്നും കെ സുധാകരൻ പറഞ്ഞു.