തൃശ്ശൂരില്‍ മകള്‍ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തി

0

തൃശ്ശൂര്‍: തൃശ്ശൂരില്‍ മകള്‍ അമ്മയ്ക്ക് വിഷം നല്‍കി കൊന്നു. കുന്ദംകുളം കീഴൂര്‍ ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുക്മിണിയാണ് (57) കൊല്ലപ്പെട്ടത്. മകള്‍ ഇന്ദുലേഖയെ പോലീസ് അറസ്റ്റുചെയ്തു. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിനുള്ള കാരണമെന്നാണ് പ്രാഥമിക വിവരം.

അസുഖം ബാധിച്ചെന്ന പേരില്‍ രുക്മിണിയെ ഇന്ദുലേഖ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇവരെ തൃശ്ശൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് രുക്മിണി മരിച്ചത്. മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലൂടെയാണ് കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. രുക്മിണിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പിന്നീട് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലൂടെ എലിവിഷമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് രുക്മിണി കൊല്ലപ്പെട്ടത്.

വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മകള്‍ ഇന്ദുലേഖ കുറ്റവാളിയാണെന്ന് കണ്ടെത്തിയത്.