മലയാളികൾക്ക് ഐക്യരാഷ്ട്ര സഭയുടെ വിഷുകൈനീട്ടം: ഡോ. മുരളി തുമ്മാരുകുടിക്കു പുതിയ ചുമതല.

1

ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ വിദഗ്ധൻ ഡോ. മുരളി തുമ്മാരുകുടിയെ പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള ജി 20 ഇനിഷ്യേറ്റീവിന്‍റെ ഏകോപനച്ചുമതലയുള്ള ഡയറക്റ്ററായി നിയമിച്ചു. ഇന്ന് ഏപ്രിൽ പതിനൊന്നിനു അദ്ദേഹം പുതിയ സ്ഥാനമേറ്റെടുക്കും

മരുഭൂമിവൽക്കരണം തടയാനായിട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ ബോണിലെ കൺവെഷൻ ആസ്ഥാനത്താണ് ഓഫിസ്.

ലോകത്ത് ഏതെങ്കിലും വിധത്തിൽ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടെയും ഭൂമിയുടെയും പകുതിയും 2040 ആകുന്നതോടെ പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യംവച്ച് ജി 20 രാജ്യങ്ങൾ തുടങ്ങിവച്ച വൻ പദ്ധതി സംയോജിപ്പിക്കുക എന്നതാണ് പുതിയ ജോലി. ഏതാണ്ട് ഒരു ബില്യൺ ഹെക്റ്റർ ഭൂമി ഇത്തരത്തിൽ പാരിസ്ഥിതികമായി പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ജനീവയിൽ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ രംഗത്ത് ജോലി ചെയ്തതിനു ശേഷമാണ് ബോൺ (ജർമനി) ഓഫീസിലേക്ക് മാറുന്നത്.

19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ് ജി20. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ജർമ്മനി, ഫ്രാൻസ്, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, മെക്സിക്കോ, റഷ്യൻ ഫെഡറേഷൻ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുർക്കി, യുകെ, യുഎസ് എന്നിവയാണ് 19 രാജ്യങ്ങൾ.

കാലാവസ്ഥ വ്യതിയാനം തടയുന്നതിലും ദുരന്തങ്ങൾ ഒഴിവാക്കുന്നതിലും സുസ്ഥിര വികസനം സാധ്യമാക്കുന്നതിലും, പ്രകൃതി സംരക്ഷണത്തിനും ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിനും ഏറെ പങ്കുണ്ടെന്ന് ലോകം മനസിലാക്കി വരുന്ന കാലഘട്ടത്തിലാണ് ഇന്നു വരെ ശ്രമിച്ചിട്ടില്ലാത്തത്രയും വ്യാപ്തിയിലുള്ള ഈ പദ്ധതി വരുന്നത്.ഈ ഘട്ടത്തിലാണ് മലയാളിയായ ശ്രീ മുരളി തുമ്മാരുകുടി സ്ഥാനമേറ്റെടുക്കുന്നത് എന്നത് ഏതൊരു മലയാളിക്കും അഭിമാനകരമാണ്.