ഷെയ്ഖ് മക്തൂമിന്റെ പുത്രി ഷെയ്ഖ മഹ്‌റ ബിൻത് വിവാഹിതയാകുന്നു: വരൻ ആരാണെന്നറിയണ്ടേ..!

0

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുത്രി ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ മന അൽ മക്തൂമും തമ്മിലുള്ള രാജകീയ വിവാഹ വാർത്ത എങ്ങും ആഹ്ലാദം പരത്തി. വിവാഹത്തോടനുബന്ധിച്ച് വരന്റെ പിതാവ് എഴുതിയ ഹൃദയസ്പർശിയായ കവിത ഷെയ്ഖ മഹറയും ഷെയ്ഖ് മനയും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നെങ്കിലും എന്നാണ് ആ സുദിനം എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിന്റെ പുത്രനാണ് ഷെയ്ഖ് മന. മാതാവ് ശൈഖ മദിയ ബിൻത് അഹമ്മദ് ബിൻ ജുമാ അൽ മക്തൂം. യുഎഇയിൽ റിയൽ എസ്റ്റേറ്റിലും സാങ്കേതിക വിദ്യയിലുമുൾപ്പെടെ ഒട്ടേറെ സംരംഭങ്ങളിൽ ഷെയ്ഖ് മന പങ്കാളിയാണ്. യുഎഇ ആംഡ് ഫോഴ്‌സ്-നാഷനൽ സർവീസിൽ ഒരു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എമിറേറ്റ്‌സിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സെക്യൂരിറ്റി ആൻഡ് റിസ്‌ക് മാനേജ്‌മെന്റിൽ ബിരുദം നേടി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിൽ തത്പരനായ ഷെയ്ഖ് മന കുതിരസവാരിയടക്കമുള്ള കായിക രംഗത്തോട് താത്പര്യമുള്ള വ്യക്തിയാണ്. പ്രശസ്തമായ ഫ്രാൻസിലെ സ്കീയിങ് ലൊക്കേഷനായ കോർഷവലിൽ സ്കീയിങ് ആസ്വദിക്കുന്ന ചിത്രങ്ങളും വിഡിയോകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഷെയ്ഖ മഹ്റയും ഷെയ്ഖ മനയും കുതിര പ്രേമികൾ കൂടിയാണ്. മത്സ്യബന്ധനത്തിൽ തത്പരനായ ഷെയ്ഖ് മന ഫുട്ബോളും ഏറെ ഇഷ്ടപ്പെടുന്നു.