ലൈംഗിക ചൂഷണത്തിന് ഇരയായ പതിനേഴുകാരി ദയാവധം സ്വീകരിച്ചു

0

ലൈംഗിക ചൂഷണത്തിന് ഇരയായ ശേഷം അനുഭവിക്കേണ്ടി വന്ന കടുത്ത വിഷാദത്തെ തുടര്‍ന്ന് നെതർലൻഡിൽ 17 കാരി ദയാവധത്തിന് വിധേയയായി എന്ന് റിപ്പോര്‍ട്ട്. നോവ പൊത്തോവ എന്ന യുവതിയാണ് മനോവേദന സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ദയാവധം തിരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍.

പീഡനത്തിന് ഇരയായി ഇത്ര കാലം കഴിഞ്ഞിട്ടും തന്‍റെ ശരീരം വൃത്തിക്കെട്ടതായാണ് തനിക്ക് തോന്നുന്നത്. ഈ ലോകത്തിൽ ഒന്നിനും തന്നെ പ്രചോദിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്നില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് നോവ തനിക്ക് ദയാവധം വേണമെന്ന് ആവശ്യപ്പെട്ടത്.

നോവ മരിക്കുന്നതിന് ഒരു ദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ തന്‍റെ തീരുമാനം പോസ്റ്റ് ചെയ്യുകയായിരുന്നു. തന്‍റെ തീരുമാനം അന്തിമമാണെന്നും, പതിനൊന്നാം വയസിൽ സ്കൂളിൽ വെച്ച് നടന്ന കൗമാരക്കാരുടെ പാർട്ടിയിൽ വെച്ചാണ് ആദ്യമായി ലൈംഗിക ചൂഷണത്തിനിരയായതെന്നും പിന്നീട് പതിനാലാം വയസിൽ അയൽക്കാരായ രണ്ട് പേർ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയെന്നും നോവ വെളിപ്പെടുത്തി. പേടി കൊണ്ടും നാണക്കെേട് കൊണ്ടും ഈ സംഭവം ആരെയും അറിയിച്ചില്ലെന്നും, വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഈ മാനസികാവസ്ഥ സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്നും നോവ വെളിപ്പെടുത്തുന്നു.

താൻ അനുഭവിച്ച മനോവേദനകളെക്കുറിച്ചും വിഷാദത്തെക്കുറിച്ചും നോവ തന്‍റെ അച്ഛനമ്മമാർക്ക് എഴുതിയ കത്ത് അവളുടെ മുറിയിൽ നിന്നു ലഭിക്കും വരെ ഒരു അറിവും ഉണ്ടായിരുന്നില്ല. എപ്പോഴും മറ്റുള്ളവരോട് ഏറെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും ഇടപെടുന്ന സ്മാർട്ടായ പെൺകുട്ടിയായിരുന്നു നോവ എന്നും അവൾക്ക് ഒരിക്കലും ഒരു സങ്കടമുള്ളതായി തോന്നിയിട്ടില്ലെന്നും അവൾക്ക് എങ്ങനെയാണ് മരിക്കാൻ കഴിഞ്ഞത് എന്ന് മനസിലാകുന്നില്ലെന്നും, ആ കത്ത് വായിച്ച് ഞങ്ങൾ ഞെട്ടിപ്പോയെന്നും മാതാപിതാക്കൾ പ്രതികരിച്ചു.

2001 ലാണ് നെതർലാൻഡിൽ ദയാവധം നിയമവിധേയമാക്കിയത്. കാര്യമായ ആരോഗ്യ പുരോഗതി ഇല്ലാതെ രോഗക്കിടക്കയിൽ ഉള്ളവർക്കും തന്‍റെ ശാരീരിക മാനസികാവസ്ഥയെക്കുറിച്ച് പൂർണ്ണബോധ്യമുള്ളവർക്കും ഡോക്ടറുടെ അനുമതിയോടെ ദയാവധത്തിന് അപേക്ഷിക്കാം. അപേക്ഷകന് 12 വയസായിരിക്കണം.