അസംഘടിതർക്ക് തണലായി ഇ-ശ്രം പോർട്ടൽ

0

രാജ്യത്തെ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ ഇ ശ്രം പോർട്ടൽ ആവിഷ്കരിച്ചു. നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവർ, തെരുവോര കച്ചവടക്കാർ തുടങ്ങിയ 16നും 59 നും ഇടയിൽ പ്രായമുള്ള ഏകദേശം മുപ്പത്തി എട്ട് കോടിയോളം തൊഴിലാളികൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്നതാണ് ഇതിൻ്റെ ആകർഷണീയത.

ഇ- ശ്രം പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാവർക്കും പന്ത്രണ്ട് അക്ക നമ്പറിലുള്ള സവിശേഷ തിരിച്ചറിയൽ കാർഡ് നൽകുമെന്നും വിവിധ ആവശ്യങ്ങൾക്ക് ഈ തിരിച്ചറിയൽ കാർഡ് പ്രയോജനപ്പെടുത്താമെന്നും തൊഴിൽ മന്ത്രാലയത്തിൻ്റെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്ന ഈ മേഖലയിലെ തൊഴിലാളികൾക്ക് രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുന്നു എന്ന ആരോപണം നിലനിൽക്കുമ്പോൾ സർക്കാറിൻ്റെ ഭാഗത്തുനിന്നുള്ള ഈ ശ്രമം അഭിനന്ദനാർഹമാണെന്ന് പറയാതെ വയ്യ.