ത്രിപുരയില്‍ ഭൂകമ്പം; 4.4 തീവ്രത

0

ഡൽഹി: ത്രിപുരയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ധര്‍മനഗറില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് പ്രഭാവകേന്ദ്രം.

അതേസമയം, ആഫ്രിക്കന്‍ രാജ്യമായ മൊറോക്കയിലുണ്ടായ ഭൂകമ്പത്തില്‍ മരണം 820 ആയി ഉയര്‍ന്നു. 672 പേര്‍ക്ക് പരുക്കേറ്റതായും അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറകേഷ് നഗരത്തിന്റെ തെക്കന്‍ മേഖലയിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മറകേഷിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്‌ലാന്റിസ് മലനിരകളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്പമുണ്ടായതെന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വിശദമാക്കുന്നത്. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം പത്ത് മണി കഴിഞ്ഞാണ് ഭൂകമ്പമുണ്ടായത്.

ആദ്യത്തെ ഭൂകമ്പത്തിന് പിന്നാലെ 4.9 തീവ്രതയില്‍ വീണ്ടും ഭൂകമ്പമുണ്ടായത് ആളുകളെ രൂക്ഷമായി ബാധിച്ചു. നിരവധിപ്പേര്‍ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാസാബ്ലാന്‍കയിലും എസ്സൌറിയയിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ചരിത്ര സ്മാരകങ്ങളും നിരവധി കെട്ടിടങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞു. മേഖലയിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിട്ടുള്ളതിനാല്‍ മരണസംഖ്യ ഉയരുമെന്ന് ആശങ്കയാണ് നിലവിലുള്ളത്.

ഭൂകമ്പത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തിയ കുറിപ്പിലൂടെ പ്രധാനമന്ത്രി വിശദമാക്കി.