എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യം: സർക്കാർ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

0

ബലാല്‍സംഗക്കേസില്‍ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസിൽ എം.എൽ.എയെ കസ്റ്റഡിയിലെടുത്ത് കുടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് സർക്കാർ വാദം.

കഴിഞ്ഞതവണ ഹർജി പരിഗണിച്ച കോടതി എൽദോസ് കുന്നപ്പിള്ളിലിന് നോട്ടിസ് അയച്ചിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക. കർശന ഉപാധികളോടെ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയാണ് എൽദോസിന് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് എൽദോസിനെ ഇന്ന് ആലുവയിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ഇതിനിടെ എൽദോസ് പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ നാല് പേരെ കൂടി പൊലീസ് പ്രതി ചേര്‍ത്തിരുന്നു. മൂന്ന് അഭിഭാഷകരെയും ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അഡ്വ. അലക്സ്, അഡ്വ. സുധീർ , അഡ്വ. ജോസ്, ഓൺലൈൻ മാധ്യമ പ്രവർത്തകൻ രാഗം രാധാകൃഷ്ണന്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തത്