കേരളത്തിന് ഇന്ന് 66ാം പിറന്നാൾ

0

ഇന്ന് നവംബര്‍ 1 കേരളപ്പിറവി. ഐക്യ കേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു. കേരള സംസ്ഥാന രൂപീകരണത്തിന് ഇന്ന് 66 വയസാകുമ്പോള്‍ സാംസ്‌കാരികവും സാമൂഹ്യപരവുമായി കേരളം ഇന്ന് ഒരുപാട് മുന്നിലെത്തി നില്‍ക്കുന്നു.

കൊവിഡ്, നിപ, പ്രളയം അടക്കം പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയർക്ക് ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികം തന്നെയാണ്. കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി.

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മന്ത്രി വിഎന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും.