ഊർജ്ജ പ്രതിസന്ധി- വേണ്ടത് ഊർജ്ജ സാക്ഷരതയും സംസ്കാരവും

0

രാജ്യം വൈദ്യുതിയുടെ കാര്യത്തിൽ ഒരു അടിയന്തിരാവസ്ഥയുടെ മുൾമുനയിലാണെന്നാണ് വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങൾ പവർ കട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ വൈദ്യുതി ഉല്പാദനത്തിൽ എഴുപത് ശതമാനത്തോളം വരുന്ന താപവൈദ്യുത നിലയങ്ങളിലെ ഇന്ധന ക്ഷാമമാണ് ഈ പ്രതിസന്ധിക്ക് കാരണമായി തീർന്നിരിക്കുന്നത്. പ്രധാനമായും കൽക്കരിയുടെ ദൗർലഭ്യമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിട്ടിട്ടുള്ളത്. ലോകത്തിലെ തന്നെ എറ്റവും വലിയ കൽക്കരി ഉൽപാദകരായ ഇന്ത്യ ഇന്ന് നേരിടുന്ന പ്രതിസന്ധി സ്വയം കൃതനാർത്ഥം എന്ന് തന്നെ വിശേഷിപ്പിക്കപ്പെടേണ്ടതാണ്.

കൽക്കരി വിപണനത്തിലെ കുത്തക കോൾ ഇന്ത്യ എന്ന പൊതുമേഖലാ സ്ഥാപനത്തിനായിരുന്നു. എന്നാൽ തുറന്ന വിപണി എന്ന കോർപ്പറേറ്റ് താല്പര്യത്തിന് വഴങ്ങേണ്ടി വന്ന ഭരണാധികാരികൾ ഉറ്റ ചങ്ങാതിയായ അദാനിയുടെ കമ്പനിക്ക് കൽക്കരിയുടെ വിപണനം കൈമാറിയതോട് കൂടിയാണ് നിലവിലെ പ്രതിസന്ധി ഉടലെടുക്കുന്നത്. പണത്തിൻ്റെ ശക്തികൾ വിപണി നിയന്ത്രിക്കാൻ തുടങ്ങിയതോട് കൂടി രാജ്യ താല്പര്യം വിസ്മരിക്കപ്പെടുകയും എളുപ്പത്തിൽ പണം ലഭിക്കുന്ന ചൈനീസ് വിദേശ കമ്പനിക്ക് കൽക്കരി വിൽക്കപ്പെടുകയും ചെയ്തു എന്നതാണ് യാഥാർത്ഥ്യം. കരുതൽ ശേഖരം എന്ന നാളത്തെ ആവശ്യം മറന്ന് വിത്തെടുത്ത് കുത്തുന്ന മനോഭാവം പിൻതുടർന്നത് കൊണ്ടാണ് കൽക്കരിയുടെ ദൗർലഭ്യത എന്ന വർത്തമാന പ്രതിഭാസം ഉടലെടുത്തത്.

എന്നാൽ ഈ ഒരു ഘടകം മാത്രമല്ല ഊർജ്ജ പ്രതിസന്ധിക്ക് പിന്നിലുള്ളതെന്ന് വ്യക്തമാണ്. വൈദ്യുതിക്കായി ഇനിയും പാരമ്പര്യ ശ്രോതസ്സുകളെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പാരമ്പര്യേതര സ്റോതസ്സുകളിൽ പ്രധാനമായ സൗരോർജം എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇനി ആലോചിക്കാനുള്ളത്. പരിമിതികൾ ഏറെയുണ്ടെങ്കിലും ആശ്രയിക്കാൻ പറ്റുന്ന ഒരു മാർഗ്ഗം അത് തന്നെയാണ്. എന്നാൽ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള ശരിയായ മാർഗ്ഗം ഊർജ്ജ സാക്ഷരതയുണ്ടാകുക എന്നത് മാത്രമാണ്.

ഉല്പാദനത്തേക്കാൾ കൂടുതലായി ഉപഭോഗം കുടുമ്പോൾ പ്രതിസന്ധിയുണ്ടാകുക എന്നത് സ്വാഭാവികം. അപ്പോൾ വൈദ്യുതി ഉപയോഗത്തിൽ സൂക്ഷ്മതയും അവധാനതയും പ്രകടിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം. വൈദ്യുത ഉപഭോഗത്തിൽ ഒരു സംസ്കാരം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. ആവശ്യത്തിന് ഊന്നൽ നല്കിക്കൊണ്ട് അനാവശ്യത്തിനും ആഡംബരത്തിനുമായി വൈദ്യുതി ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന ബോധം നമ്മിലുണ്ടാകേണ്ടത് അനിവാര്യതയാണ്. അത്തരമൊരു ഊർജ്ജ സാക്ഷരതയും സംസ്കാരവുമായിരിക്കണം നാളത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാർഗ്ഗമെന്ന തിരിച്ചറിവ് അത്യന്താപേക്ഷിതമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.