മാപ്പിളപ്പാട്ടുകളുടെ ‘മാണിക്യമലർ’ ഇനി ഓർമ്മ…

0

തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസ്സായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. കണ്ണൂരിലെ വീട്ടില്‍ വച്ചായിരുന്നു മരണം.

കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് എരഞ്ഞോളിയിൽ വലിയകത്തെ ആസിയയുടെയും അബ്‌ദുവിന്റെയും മകനായി ജനനം. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. നൂറുകണക്കിന് മാപ്പിളപാട്ടുകള്‍ ആലപിക്കുകയും, എഴുതുകയും ചെയ്തിട്ടുണ്ട്. മാപ്പിള പാട്ടു രംഗത്തെ ഒഴിച്ച് നിർത്താൻ കഴിയാത്ത വ്യക്തിത്വത്തിനുടമയായിരുന്നു എരഞ്ഞോളി മൂസ. മാപ്പിളപാട്ട് ശാഖയ്ക്ക് ഒട്ടനവധിസംഭവനകളും നല്‍കിയ വ്യക്തിയാണദ്ദേഹം.

പ്രമുഖ സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതം പഠിച്ച അദ്ദേഹം പ്രവാസികളുടെ പ്രിയപ്പെട്ട ഗായകന്‍ കൂടിയായിരുന്നു.കേരള ഫോക്‌ലോർ അക്കാദമി വൈസ് പ്രസിഡന്റാണ്. തലശേരിയിലെ വീട്ടിൽ ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തതുടർന്നു വിശ്രമത്തിലായിരുന്നു. മിഅ്റാജ് രാവിലെ കാറ്റേ, മാണിക്യ മലരായ പൂവി തുടങ്ങി നൂറുകണക്കിനു ഹിറ്റ് മാപ്പിളപ്പാട്ടുകൾക്കു ശബ്ദം നൽകിയ കലാകാരനാണ്. അസുഖത്തെ തുടർന്നു നഷ്ടപ്പെട്ട ശബ്ദം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് അന്ത്യം.

മൂന്നുറിലേറെ തവണ കലാപരിപാടികള്‍ക്കായി അദ്ദേഹം വിദേശത്ത് പോയിട്ടുണ്ട്. എല്ലാ റമദാന്‍ മാസത്തിലും ഗൾഫ് രാജ്യങ്ങളില്‍ തന്‍റെ മാപ്പിളപാട്ടുകളുമായി ആരാധകരെ ഹരം കൊള്ളിക്കാൻ മൂസാക്ക എത്താറുണ്ടായിരുന്നു. ഒടുവിൽ വ്രത ശുദ്ധിയുടെ പുണ്യ റമദാനിന്റെ ആദ്യ നാളുകളിൽ തന്നെയായി അദ്ദേഹത്തിന്റെ വേർപാടും. ദിലീപിന്റെ ഗ്രാമഫോൺ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി. മക്കൾ: നസീറ, നിസാർസാദിഖ്, നസീറ, സമീം, സാജിദ.