യുഎഇയിലെ ഫോൺ നമ്പറുകള്‍ രണ്ട് അക്കം വരെയാക്കി ചുരുക്കാം; പുതിയ പദ്ധതി

1

ദുബായ്: യുഎഇയില്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ രണ്ട് അക്കം വരെയാക്കി ചുരുക്കാന്‍ അവസരം. ഇത്തിസാലാത്താണ് ഹാഷ് ടാഗ് എന്ന പേരില്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. ഹാഷ് ടാഗ് ഉള്‍പ്പെടുന്ന രണ്ട് അക്കം വരെയുള്ള ഫോണ്‍ നമ്പറുകള്‍ ലേലത്തിലൂടെയാവും ആവശ്യക്കാര്‍ക്ക് ലഭിക്കുക. ലേല സ്ഥാപനമായ എമിറേറ്റ്സ് ഓക്ഷനുമായി ചേര്‍ന്നാണ് ഇതിനുള്ള നടപടികള്‍ തുടങ്ങിയത്.

ഇപ്പോള്‍ ലേലത്തില്‍ വെച്ചിരിക്കുന്ന നമ്പറുകളില്‍ ഏറ്റവും ജനപ്രിയമായ #10 എന്ന നമ്പറിന് 2,00,000 ദിര്‍ഹമാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. നമ്പറുകള്‍ ലേലത്തില്‍ പിടിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഹാഷ് ടാഗ് ഉള്‍പ്പെടുന്ന ഒരു നമ്പറായിരിക്കും ലഭിക്കുക. പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമേ ഇത് ലഭ്യമാവൂ. ഇത്തരമൊരു നമ്പര്‍ വാങ്ങിയാല്‍ പിന്നെ നിങ്ങളെ വിളിക്കുന്നവര്‍ക്ക് 10 അക്ക നമ്പര്‍ ഡയല്‍ ചെയ്യുന്നതിന് പകരം ഹാഷ് ടാഗ് ഉള്‍പ്പെടുന്ന ഏതാനും നമ്പറുകള്‍ ഡയല്‍ ചെയ്‍താല്‍ മതിയാവും.

എന്നാല്‍ ഇത്തരം നമ്പറുകള്‍ പുതിയ മൊബൈല്‍ നമ്പറുകളായിരിക്കില്ലെന്നും ഇപ്പോഴുള്ള നമ്പര്‍ അതേപടി നിലനില്‍ക്കുമ്പോള്‍ തന്നെ ഉപഭോക്താവിനെ എളുപ്പത്തില്‍ ബന്ധപ്പെടാനുള്ള ഒരു കോഡ് മാത്രമായിരിക്കും പുതിയ നമ്പറെന്നും അറിയിച്ചിട്ടുണ്ട്. നാല്‍പതോളം ഹാഷ് ടാഗ് നമ്പറുകള്‍ ഇപ്പോള്‍ ലേലത്തിന് വെച്ചിട്ടുണ്ട്. ജൂണ്‍ 22ന് ലേലം അവസാനിക്കും.

10 എന്ന നമ്പര്‍ 2,00,000 ദിര്‍ഹം നല്‍കി സ്വന്തമാക്കാന്‍ 26 പേര്‍ രംഗത്തുണ്ട്. #1000 എന്ന നമ്പറിന് 33 പേരാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. 32,500 ദിര്‍ഹമാണ് ഇതിന്റെ വില. #1234 എന്ന നമ്പറിനായി 23 ആവശ്യക്കാരുണ്ട്. 50,000 ദിര്‍ഹമാണ് അടിസ്ഥാന വില. #11 ന് അടിസ്ഥാന വില 1,14,000 ദിര്‍ഹമാണ്.

വന്‍തുക നല്‍കി ഈ നമ്പറുകള്‍ വാങ്ങിയതുകൊണ്ട് മാത്രം ഇവ ഉപയോഗിക്കാനാവില്ല. ആദ്യത്തെ 12 മാസം സേവനം സൗജന്യമായിരിക്കുമെങ്കിലും പിന്നീട് ഓരോ മാസവും 375 ദിര്‍ഹം വീതം ഫീസ് നല്‍കണം. യുഎഇയില്‍ നിന്ന് മാത്രമേ ഹാഷ് ടാഗ് നമ്പറില്‍ ബന്ധപ്പെടാനാവൂ. വിദേശത്ത് നിന്ന് വിളിക്കുന്നവരും റോമിങില്‍ ആയിരിക്കുമ്പോഴും ഒക്കെ സാധാരണ നമ്പറില്‍ തന്നെ വിളിക്കണം. എന്നാല്‍ സേവനം വേണ്ടെന്ന് തോന്നിയാല്‍ ഉപേക്ഷിക്കുകയും ചെയ്യാം. ഉപേക്ഷിക്കുന്ന നമ്പറുകള്‍ 12 മാസം വേറെ ആര്‍ക്കും നല്‍കാതെ സൂക്ഷിക്കും. അതിന് ശേഷം മറ്റ് ഉപഭോക്താക്കള്‍ക്ക് ഇത് സ്വന്തമാക്കാം.