പാലാരിവട്ടം മേൽപ്പാലം അഴിമതി: ടി.ഒ. സൂരജ് ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റിൽ

0

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് അറസ്റ്റ്‌ ചെയ്തു. മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലു പേരാണ് അറസ്റ്റിലായത്. പാലം നിര്‍മിച്ച ആര്‍ഡിഎസ്‌ കമ്പനിയുടെ എം.ഡി സുമിത് ഗോയലും, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ്‌കോ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പടെ നാല് പേരാണ് അറസ്റ്റിലായത്.

പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു പാലം നിര്‍മിച്ച ആര്‍ഡിഎസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കി റജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലത്തിന്റെ തകരാറുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ 17 പേരെയാണ് വിജിലന്‍സ് സംശയിക്കുന്നത്.

സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്. ടി.ഒ സൂരജിനെ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ചോദ്യംചെയ്യലിന് ശേഷം ടി.ഒ സൂരജ് പ്രതികരിച്ചിരുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്. പാലത്തിന്റെ രൂപരേഖ തയാറാക്കാന്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഗേഷ് കണ്‍സല്‍റ്റന്റ്‌സിനെ ചുമതലപ്പെടുത്തിയ കിറ്റ്‌കോയിലെ ഉദ്യോഗസ്ഥര്‍, പദ്ധതി നടപ്പാക്കിയ റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് കേരളയിലെ (ആര്‍ബിഡിസികെ) ഉദ്യോഗസ്ഥര്‍, പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടിനു നേതൃത്വം നല്‍കിയവര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ക്രമക്കേടിനു നേതൃത്വം നല്‍കിയ മറ്റ് 17 പേരുടെ പങ്ക് വിശദമായ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളു എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.