പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസയ്ക്ക് അപേക്ഷിക്കാം; വിശദ വിവരങ്ങള്‍ ഇങ്ങനെ

0

ദുബായ്: യുഎഇയില്‍ ഏറ്റവുമധികം അന്വേഷണങ്ങള്‍ ലഭിക്കുന്ന വിസകളിലൊന്നാണ് അടുത്തിടെ പ്രാബല്യത്തില്‍ വന്ന പുതിയ ഗ്രീന്‍ വിസകളെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. വിദഗ്ധ തൊഴിലാളികള്‍, ഫ്രീലാന്‍സര്‍മാര്‍, സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍ തുടങ്ങിയവര്‍ക്കാണ് ഗ്രീന്‍ വിസ ലഭിക്കുക. അഞ്ച് വര്‍ഷം കാലാവധിയുള്ള ഈ വിസയ്ക്ക് വേറെ സ്‍പോണ്‍സറുടെ ആവശ്യമില്ലെന്നതാണ് പ്രധാന സവിശേഷത.

ദുബായില്‍ ഗ്രീന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യരായവര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്‍സ് 60 ദിവസത്തെ എന്‍ട്രി പെര്‍മിറ്റ് നല്‍കും. ലോകത്തെ ഏത് രാജ്യത്തു നിന്നും യോഗ്യരായവര്‍ക്ക് യുഎഇയില്‍ എത്തി ഈ സമയപരിധിക്കുള്ളില്‍ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരായവര്‍ക്കും സമാനമായ തരത്തില്‍ ആറ് മാസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റ് അനുവദിക്കാറുണ്ട്.

ജി.ഡി.ആര്‍.എഫ്.എ വെബ്‍സൈറ്റ് വഴി ഗ്രീന്‍ വിസാ അപേക്ഷകര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് നേടാനാവും. ഇ-മെയിലിലൂടെയായിരിക്കും ഇത് ലഭ്യമാവുക. ആമെര്‍ സെന്ററുകള്‍ വഴിയും അപേക്ഷ നല്‍കാം. 60 ദിവസത്തെ എന്‍ട്രി പെര്‍മിറ്റിന് 333.75 ദിര്‍ഹമാണ് ഫീസ്. രാജ്യത്ത് ഇപ്പോള്‍ താമസിക്കുന്നവര്‍ക്കാണെങ്കില്‍ 650 ദിര്‍ഹം കൂടി അധികമായി നല്‍കണം.

വിദഗ്ധ തൊഴിലാളികള്‍:
യുഎഇയില്‍ സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം. യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക പ്രകാരം ഒന്ന്, രണ്ട്, മൂന്ന് ലെവലുകളിലുള്ള ജോലികള്‍ ചെയ്യുന്നവര്‍ ആയിരിക്കണം. ബിരുദമോ തത്തുല്യമായതോ ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ ശമ്പളം 15,000 ദിര്‍ഹത്തിന് മുകളിലായിരിക്കണം.

ഫ്രീലാന്‍സര്‍/സ്വയം തൊഴില്‍:
ബിരുദമോ സ്‍പെഷ്യലൈസ്‍ഡ് ഡിപ്ലോമയോ ആണ് കുറഞ്ഞ യോഗ്യത. സ്വയം തൊഴിലില്‍ നിന്നുള്ള കഴിഞ്ഞ രണ്ട് വര്‍ഷത്തെ വാര്‍ഷിക വരുമാനം 3,60,000 ദിര്‍ഹത്തില്‍ അധികമായിരിക്കണം. അല്ലെങ്കില്‍ യുഎഇയില്‍ താമസിക്കുന്ന കാലത്തെ സാമ്പത്തിക അടിത്തറ വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കണം.

നിക്ഷേപകര്‍/ബിസിനസ് പങ്കാളികള്‍
നിക്ഷേപം നടത്തിയതിന്റെ രേഖകളും അംഗീകാരം ലഭിച്ചതിന്റെ രേഖകളും ഹാജരാക്കണം. ഒന്നിലധികം ലൈസന്‍സുകളുണ്ടെങ്കില്‍ ഇവയിലെ എല്ലാം നിക്ഷേപ മൂലധനം ഒരുമിച്ച് കണക്കാക്കും. ബന്ധപ്പെട്ട പ്രാദേശിക അധികൃതരുടെ അംഗീകാരവും നിര്‍ബന്ധമാണ്.