മക്കളുടെ വിദ്യാഭ്യാസ ചെലവ് വൻതോതിൽ ഉയരുന്നു; പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക്

1

സ്കൂൾ ഫീസ് അടക്കമുള്ള മക്കളുടെ വിദ്യാഭ്യാസ ചെലവ് താങ്ങാനാവാതെ ഒട്ടുമിക്ക പ്രവാസി കുടുംബങ്ങളും ടി സി വാങ്ങി നാട്ടിലേക്ക് മടങ്ങുന്നു. ഇടത്തരം കുടുംബങ്ങളിലെ മാതാപിതാക്കളാണ് മക്കളുടെ വിദ്യാഭ്യാസ ചെലവ് വൻതോതിൽ ഉയർന്നതോടെ വലഞ്ഞത്.

ഇടത്തരക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ നിന്നും ഉദ്ദേശം 700 റോളം ടി.സി അപേക്ഷകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവിടെ ഒരു മാസത്തെ ഫീസിനുള്ള പണം കൊണ്ട് നാട്ടിൽ മികച്ച സ്കൂളിൽ ഒരു വർഷത്തെ ഫീസ് കൊടുക്കാം എന്നതാണ് പലരുടെയും തീരുമാനത്തെ സ്വാധീനിക്കുന്നത്.

തുടർ പഠനം നാട്ടിലാക്കാൻ തീരുമാനിച്ചവരിൽ കെജി മുതൽ 12 ക്ലാസ് വരെയുള്ളവരുണ്ട്. അഞ്ചു വർഷങ്ങൾക്ക് മുൻപ് രണ്ടു കുട്ടികൾക്ക് നൽകിയ ഫീസിനേക്കാൾ കൂടുതൽ ഒരു കുട്ടിക്ക് നൽകേണ്ടി വരുന്നു എന്നാണ് പലരും അഭിപ്രായ പെടുന്നത്. ഇത്തരത്തിലുള്ള വർദ്ധനവ് കുടുംബത്തിന്റെ സാമ്പത്തീക സ്ഥിതി താളം തെറ്റിക്കുന്നു.

പ്രശ്നപരിഹാരത്തിന് യുഎഇയിലെ അംഗീകൃത സംഘടനകളും പിടിഎകളും രംഗത്തിറങ്ങണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. സ്കൂൾ മാനേജ്മെൻറുകളെ സമീപിച്ചിട്ട് കാര്യമില്ലെന്നും കെഎച്ച്ഡിഎ, അഡെക് പോലെ വിവിധ എമിറേറ്റുകളിലുള്ള വിദ്യാഭ്യാസ വകുപ്പിനെയും പരിസ്ഥിതി ഏജൻസികളെയും പ്രശ്നങ്ങൾ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും അവർ അഭിപ്രായപെടുന്നു.