മകന്റെ അപ്പനും അപ്പന്റെ മകനും !!

0

അപ്പന്റെ മക്കൾ എന്ന നിലക്ക് സിനിമയിൽ എത്തിപ്പെടുകയും, കഴിവ് തെളിയിച്ചു കൊണ്ട് സിനിമയിൽ സ്വന്തം ഇടം കണ്ടെത്തിയവരും, പല കാരണങ്ങളാൽ സിനിമയിൽ നിന്ന് പിന്നീട് മാറി നിന്നവരും, വീണു പോയവരുമൊക്കെയായി ഒരുപാട് പേരുണ്ടാകാം നമുക്ക് ഓർത്തു പറയാൻ. അക്കൂട്ടത്തിൽ ഏറ്റവും ഇഷ്ടവും ബഹുമാനവുമൊക്കെ തോന്നിപ്പോകുന്ന ഒരു അപ്പനും മോനുമാണ് ജോസ് പല്ലിശേരിയും ലിജോ ജോസ് പല്ലിശേരിയും. ?

‘നായകൻ’ സിനിമയുമായി ബന്ധപ്പെട്ട ഒരു ടെലിവിഷൻ അഭിമുഖത്തിനിടയിലാണ് ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ ജോസ് പല്ലിശേരി എന്നറിയുന്നത്. അത് വരെ നിലനിന്നിരുന്ന ഒരു ട്രെൻഡ് നടന്റെ മകൻ നടനായും പാട്ടുകാരന്റെ മകൻ പാട്ടുകാരനായും വരുക എന്നത് മാത്രമായിരുന്നു. ഒരു നടന്റെ- അതും സഹനടന്റെ മകൻ മുഖ്യ ധാരാ സിനിമയിൽ സംവിധായകനായൊക്കെ വരുക എന്നറിയുമ്പോൾ ആർക്കും സംശയവും കൗതുകവുമൊക്കെ തോന്നിപ്പോകുന്ന ഒരു കാലം.

‘നായകൻ’ സിനിമ ഡി.വി.ഡിയിൽ വന്ന ശേഷമാണ് കാണുന്നത്. ( GCC തിയേറ്ററുകളിൽ റിലീസ് വന്ന ഓർമ്മയില്ല.?) എന്തായാലും ആ പടം കണ്ടപ്പോൾ തന്നെ വ്യക്തിപരമായി ലിജോ ജോസ് പല്ലിശേരിയെന്ന സംവിധായകനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇങ്ങേരു കുറച്ചു ഓളമൊക്കെ ഉണ്ടാക്കും ഭാവിയിൽ എന്ന് അന്നേ ഉറപ്പായിരുന്നു. അത് പോലെ തന്നെ ആ പടത്തിലെ ചെമ്പൻ വിനോദിന്റെ കഥാപാത്രം അന്നത്തെ ഒരു പുതുമുഖ നടനെന്ന നിലയിൽ ഒരു വ്യത്യസ്ത പ്രകടനമായി തോന്നിയിരുന്നു. ലിജോയുടെ കൂടെ മലയാള സിനിമക്ക് കിട്ടിയ മറ്റൊരു മുതൽ ?

കാലം ഒരുപാടൊന്നും പിന്നിട്ടിട്ടില്ല. കഷ്ടി ഒൻപതു വർഷങ്ങൾ ..പക്ഷെ അതിനിടയിൽ ലിജോയുടേതായി വന്നു പോയ പടങ്ങൾ നോക്കൂ. സിറ്റി ഓഫ് ഗോഡ്, ആമേൻ, ഡബിൾ ബാരൽ, അങ്കമാലി ഡയറീസ്, ഈ. മ. യൗ .. ഈ ലിസ്റ്റിലുള്ള ഒരു സിനിമയും തന്റെ മറ്റു സിനിമകളുമായി അവതരണത്തിലോ പ്രമേയത്തിലോ മറ്റേതെങ്കിലും വിധേനയോ സമാനത പുലർത്തിയില്ല. ഇക്കൂട്ടത്തിൽ പരാജയവും വിജയവും വമ്പൻ വിജയവുമൊക്കെ ലിജോ തന്റെ സിനിമകളിലൂടെ അനുഭവിച്ചു. പക്ഷേ ഒരു സംവിധായകൻ എന്ന നിലക്ക് അയാളുടെ ഗ്രാഫ് മുകളിലോട്ട് മാത്രം പോയിക്കൊണ്ടിരുന്നു.

ലിജോയുടെ എല്ലാ പടവും ഓരോ തലത്തിൽ ഇഷ്ടപ്പെട്ട സിനിമകളാണ്.. എങ്കിലും അവസാനം വന്ന ഈ. മ. യൗ തന്നെയാണ് ഏറ്റവും ഇഷ്ടം ..ഇനി വരാനിരിക്കുന്ന ജെല്ലിക്കെട്ട് തന്നെയാകും അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ പോകുന്നതും ..അതൊരു പ്രതീക്ഷ മാത്രമല്ല ..പ്രതീക്ഷയുടെ ആവശ്യം പോലുമില്ലാത്ത ഒരു ഉറപ്പാണ് .. ആ ഉറപ്പ് നൽകാൻ സാധിക്കുന്ന ചുരുക്കം സംവിധായകരിൽ ഒരാളായി മാറുന്നു ലിജോ. ?

ഇനി നിങ്ങൾ ഗൂഗിളിൽ ലിജോയുടെ അപ്പന്റെ പേര് ഒന്ന് ടൈപ്പ് ചെയ്തു നോക്കണം ..അപ്പന്റെ പേര് ടൈപ്പിയാൽ ലിജോ ജോസ് പല്ലിശേരിയിലേക്കാണ് എല്ലാ സെർച്ചുകളും ആദ്യം ചെന്നെത്തുന്നത് .. തന്റെ ‘അസാധ്യ സിനിമാ കൈയ്യിലിരുപ്പ്’ കൊണ്ട് അപ്പൻ പോലും മോന്റെ പേരിൽ ലയിച്ചിരിക്കുന്നു ..

ഇനി നമുക്ക് ജോസ് പല്ലിശേരി എന്ന നടനിലേക്ക് നോക്കാം .. പുള്ളിയുടെ ഒരുപാട് കഥാപാത്രങ്ങൾ മനസ്സിലുണ്ട്. മാലയോഗത്തിലെ പള്ളിയിലെ ആ സീനും, ആധാരത്തിലെ ലാസറും, ഇഞ്ചിക്കാടൻ മത്തായിയിലെ കുര്യച്ചനും തൊട്ട് പലതും ഓർത്ത് പറയാമെങ്കിലും എനിക്കേറ്റവും ഇഷ്ടം ആകാശദൂതിലെ ആ പിശുക്കനായ വർഗ്ഗീസിനെയാണ് ..

രാത്രി ജോലിയും കഴിഞ്ഞു വീട്ടിലെത്തുമ്പോൾ അവിടെ മൊത്തം ലൈറ്റുകൾ കത്തി കിടക്കുകയാണ്. ദീപ കാഴ്ചകൾ പോലെയാണല്ലോ ലൈറ്റുകൾ കത്തിച്ചിട്ടിരിക്കുന്നത് ഇവിടെന്താ ഗീവർഗീസ് പുണ്യാളന്റെ പെരുന്നാളാണോ എന്ന് ചോദിക്കുന്ന, മേരിക്കുഞ്ഞിനെ വിളിക്കാൻ കാളിംഗ് ബെൽ പോലും അമർത്താതെ കറണ്ട് ലാഭം നോക്കുന്ന ഒരു മാതിരി ഐറ്റം ഷ്ടാ !! ?

ദത്തെടുക്കാൻ വേണ്ടി അച്ഛന്റെ അടുത്തെത്തുമ്പോൾ ഒന്നിന് പകരം രണ്ടാളെ താൻ ദത്തെടുക്കേണ്ടി വരും എന്ന് മനസ്സിലാക്കി ദത്തെടുക്കൽ എന്ന പരിപാടിയേ വേണ്ടാന്ന് വക്കാൻ ശ്രമിക്കുന്നുണ്ട് വർഗ്ഗീസ്. അച്ഛനൊരു പുല്ലും പറയണ്ട ഇനി എന്നൊക്കെയാണ് പുള്ളിയുടെ മാരക ഡയലോഗുകൾ.. ചട്ടനാണെങ്കിലും വെട്ടിനൊരു കുറവുമുണ്ടാകില്ല അത് കൊണ്ട് ഈ പരിപ്പ് വർഗ്ഗീസിന്റെ കലത്തിൽ വേവൂല എന്നും പറഞ്ഞു എഴുന്നേൽക്കുന്നയാളോട് അച്ഛൻ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടും നടന്നില്ല ..ഒടുക്കം ഇണ പിരിയാത്ത സഹോദരങ്ങളിൽ ചട്ടില്ലാത്തവനെ മാത്രം തരുമെങ്കിൽ എടുത്തോളാം എന്നും പറഞ്ഞു ദത്തെടുക്കലിന് സമ്മതിക്കുന്നു ..

കാര്യം വർഗ്ഗീസ് കൂനമ്മാവിൽ ഒരു മാതിരി അറുത്ത കൈക്ക് ഉപ്പു തേക്കാത്ത പിശുക്കൻ കഥാപാത്രമെങ്കിലും ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടു പോകുന്നത് സിനിമയുടെ ക്ലൈമാക്സിലാണ് ..ആനിയമ്മയുടെ ശവമടക്കും കഴിഞ്ഞു പിള്ളേരെല്ലാം ഓരോ വീട്ടുകാർക്കൊപ്പം ഓരോ ഭാഗത്തേക്ക് ഒരു പോക്കുണ്ട് ..കാലു കൊണ്ട് വയ്യാത്ത റോണി മാത്രം ഒറ്റക്കായി പോകുന്ന ആ സീൻ വല്ലാത്തൊരു വേദനയാണ് ..കരച്ചിലിന് മുകളിൽ വീണ്ടും കരഞ്ഞു പോകുന്ന സീൻ ..

അപ്പോഴാണ് പോയ പോലെ വർഗ്ഗീസിന്റെ കാർ വീണ്ടും തിരിച്ചു വരുന്നത് ..പുറമേക്ക് എന്തൊക്കെ ആയിരുന്നാലും ഒടുക്കം റോണിയെ ടോണിയുടെ കൂടെ തന്നെ വളർത്താൻ മനസ്സ് കാണിച്ച വർഗ്ഗീസ് എന്ന കഥാപാത്രത്തോടുള്ള ആ ഇഷ്ടം പിന്നെ ജോസ് പല്ലിശേരി എന്ന നടനോടും കൂടി തോന്നിയത് അന്ന് മുതലാണ്.. ?

ആകാശദൂതിലെ ആ സീനിനു ഇന്ന് വേറൊരു കാഴ്ച കൂടി രൂപപ്പെടുന്നു മനസ്സിൽ .. വലിയൊരു സംഭവമല്ല എന്ന് ആദ്യം തോന്നിപ്പോയ ജോസ് പല്ലിശ്ശേരി എന്ന നടൻ അന്ന് സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയത് മലയാള സിനിമയെയാണ് ..കുറവുകളും പോരായ്മാകളും ഉണ്ടായിരുന്ന മലയാള സിനിമയെ തന്റെ ഒറ്റ മകനെ ഏൽപ്പിച്ചു ..ആ മകൻ മലയാള സിനിമക്ക് മറ്റൊരു മാനം നൽകി ..പുതിയ വ്യഖ്യാനങ്ങൾ ഉണ്ടാക്കി .. വേറിട്ട കാഴ്ചകൾ തന്നു .. പണ്ട് വീട്ടിലേക്ക് അപ്പൻ കൂട്ടി കൊണ്ട് വന്ന കാലു മുടന്തുള്ള മലയാള സിനിമയെ ആ ഒറ്റ മകൻ ആകാശത്തേക്ക് പറക്കാൻ വിടുകയാണ് .. ?

ഒറ്റ പേര് ..ലിജോ ..ലിജോ ജോസ് ..ലിജോ ജോസ് പല്ലിശേരി !!! അപ്പനും മകനും അവിടെ അപ്രകാരം ഒന്നായി മാറുന്നു .. ?

ഇത്ര നേരത്തെ ഭൂമി വിട്ടു പോകേണ്ടിയിരുന്നില്ല എന്ന് ജോസ് പെല്ലിശ്ശേരിയുടെ ആത്മാവ് എവിടെയെങ്കിലുമിരുന്ന് പറയുന്നുണ്ടായിരിക്കാം .?