കാനഡയിലെ ആദ്യത്തെ മലയാളം റേഡിയോ, മധുരഗീതം എഫ്.എം പതിനെട്ടിന്റെ നിറവിൽ!

0

കനേഡിയൻ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മലയാളം എഫ്.എം സ്റ്റേഷനായ മധുരഗീതം, പതിനെട്ടാം വർഷത്തിലേക്ക് കടക്കുന്നു. സോഷ്യൽ മീഡിയയുടെയും, പോഡ്‍കാസ്റ്റിംറ്റിംങ്ങിന്റെയുമൊക്കെ വരവിനു മുമ്പ്, മലയാളം പരിപാടികളൊന്നും കേൾക്കാൻ അവസരമില്ലാതിരുന്ന ഒരു സമയത്താണ് കാനഡയിലേക്ക് കുടിയേറിയ മലയാളികൾക്ക് വേണ്ടി, ഐ.ടി വിദഗ്ധനായ വിജയ് സേതുമാധവനും (സിഇഒ ആന്റ് പ്രൊഡ്യൂസര്‍), ഇൻഷുറൻസ് രംഗത്ത് ജോലി നോക്കുന്ന ഭാര്യ മൃദുല മേനോനും (ക്രിയേറ്റീവ് ഡയറക്ടര്‍) കൂടി 2004 സെപ്റ്റംബറിലാണ് മധുരഗീതം എഫ്.എം റേഡിയോ തുടങ്ങുന്നത്.

ടൊറെണ്ടോ മലയാളികൾക്ക് നാടിന്റെ ഓർമകളും, നാട്ടു വിശേഷങ്ങളും, പാട്ടുകളുടെ അകമ്പടിയോടെ നൽകുന്നത് കൂടാതെ, കാനഡയിലെ മലയാളി സമൂഹത്തിൽ നടക്കുന്ന പരിപാടികളും, ലോകവാർത്തകളും കാലഘട്ടത്തിന് അനുസരിച്ചുള്ള വിവിധ പ്രോഗ്രാമുകളും, മത്സരങ്ങളുമൊക്കെയായി മധുരഗീതം മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട റേഡിയോ സ്റ്റേഷനായി മാറി. കനേഡിയൻ മലയാളികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിൽ മധുരഗീതം പ്രധാന പങ്കുവഹിക്കുന്നു. ഇന്നിപ്പോൾ കാനഡയിലേക്ക് കുടിയേറിപ്പാർക്കുന്ന യുവകലാകാരൻമാരെയും കലാകാരികളെയും കമ്മ്യൂണിറ്റിക്കു പരിചയപ്പെടാനുള്ള വേദിയാണ് മധുരഗീതം. കമ്മ്യൂണിറ്റിയിൽ നടക്കുന്ന വിവിധ പരിപാടികളുടെ മീഡിയ പാർട്ണർ മധുരഗീതമാണ്.

ശനിയാഴ്ച പുലരികളിൽ രാവിലെ 8.30 മുതൽ 10.30 വരെയും,ഞായറാഴ്ച രാവിലെ 10.00 മുതൽ 10.30 വരെ “സ്‍പോട്‍ലൈറ്റ്” എന്ന ഷോയും, വൈകുന്നേരം ” 8.00 മണി മുതൽ 9.00 മണി വരെ, “സൺ‌ഡേ ക്ലബ്ബും സംപ്രേക്ഷണം ചെയ്യുന്നു.

മധുരഗീതം എഫ്.എം കൂടിച്ചേർന്ന് ഓർഗനൈസ് ചെയ്ത VMR Ideationന്റെ Canadian Malayalee Idol എന്ന സംഗീത റിയാലിറ്റി ഷോ കൊവിഡിന്റെ ഭീതിയിലും ഒരുപാട് ആളുകൾക്ക് ആസ്വദിക്കാൻ കഴിഞ്ഞു. റേഡിയോ നാടകങ്ങൾ കേട്ടുവളർന്ന മലയാളികൾക്ക് ആ കാലഘട്ടത്തിലേക്കുള്ള ഒരു തിരിച്ചുപോക്കായിരുന്ന മധുരഗീതവും മലയാളി ആർട്സ് ആന്റ് സ്‍പോർട്സ് ക്ലബ്ബും ചേർന്നൊരുക്കിയ “സ്‍പോട്‍ലൈറ്റ്” റേഡിയോ നാടകോത്സവം. സാമൂഹ്യ മാധ്യമങ്ങളിൽ മധുരഗീതം നടത്തുന്ന മത്സരങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള മലയാളികൾ പങ്കെടുക്കാറുണ്ട്. ഒപ്പം മധുരഗീതത്തിന് ലോകത്തിന്റെ പല ഭാഗങ്ങളിലും ശ്രോതാക്കളുമുണ്ട്. മലയാളികളുടെ സോഷ്യൽ നെറ്റ് വർക്കിംഗ്‌ ആപ്പ് ആയ malayalisnearme ആപ്പിലൂടെയും, CMRന്റെയോ, Tune in ന്റെയോ മൊബൈൽ അപ്ലിക്കേഷൻ വഴിയും മധുരഗീതം ഇന്ന് 101.3 എന്ന ഫ്രീക്വൻസിയിൽ കേൾക്കാം.

കെ. ജെ യേശുദാസ്, കെ.എസ് ചിത്ര, സുരേഷ് ഗോപി, ടോവിനോ, ലാൽ ജോസ്, ജയറാം , ഉർവശി, റഹ്മാൻ, സുജാത, വിനീത്, നവ്യ നായർ, കൈലാസ് മേനോൻ, നരേൻ, മുരളി ഗോപി, ഇന്നസെന്റ്,രഞ്ജി പണിക്കർ, മേതിൽ ദേവിക, സൈജു കുറുപ്പ്, സൂര്യ കൃഷ്ണമൂർത്തി, വിന്ദുജ മേനോൻ അങ്ങനെ ഒരുപാട് കലാകാരന്മാരുടെ അഭിമുഖങ്ങൾ മധുരഗീതത്തിലൂടെ ശ്രോതാക്കളിലേക്ക് എത്തിയിട്ടുണ്ട്. കായിക പ്രതിഭ പി. യു ചിത്ര, എഴുത്തുകാരി ഡോ. ലക്ഷ്മിപ്രഭ തുടങ്ങി കായിക, സാഹ്യത്യ മേഖലകളിൽ പ്രാവിണ്യം തെളിയിച്ചവരും മധുരഗീതത്തിന്റെ അതിഥികളായിട്ടുണ്ട്. ഐ.എഫ്.എഫ്.കെയിൽ നിന്നും ചലച്ചിത്രമേളയുടെ വിശേഷങ്ങൾ മുൻ വർഷങ്ങളിൽ ലൈവ് ആയി കാനഡയിലെ ശ്രോതാക്കൾക്കായി പ്രക്ഷേപണം ചെയ്തിരുന്നു .

മധുരഗീതത്തിന്റെ ശക്തി റേഡിയോ ജോക്കികളായ ബിന്ദു, ജോബി, കാർത്തിക്, വിദ്യാ ശങ്കർ, ലാലു, പാർവതി, ജിത്തു, യഹ്യ, മിഥു, ഗായത്രി എന്നിവരാണ്. ഇന്ന് മലയാളത്തിന്റെയും കേരളത്തിന്റെയും കാനഡയിലെ മുഖമാണ് മധുരഗീതം എഫ്.എം എന്നുതന്നെ പറയാം.