ആദ്യ ചൊവ്വാ സഞ്ചാരി സ്ത്രീ ആയിരിക്കും; സൂചന നൽകി നാസ

1

ആദ്യ ചൊവ്വാസഞ്ചാരി സ്ത്രീയായിരിക്കുമെന്ന സൂചന നല്‍കി യു.എസ്. ബഹിരാകാശ ഏജന്‍സി നാസ. ചൊവ്വയിലേക്കുള്ള ആദ്യ സഞ്ചാരിയും ഒരു സ്ത്രീയായിരിക്കും സയന്‍സ് ഫ്രൈഡേ എന്ന റേഡിയോ ഷോയില്‍ നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റീന്‍ പറഞ്ഞു.

നാസയുടെ ഭാവി പദ്ധതികളില്‍ വനിതകളെ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ ലഭിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് മുഴുവന്‍ വനിതാ പങ്കാളിത്തത്തോടെയുള്ള ബഹിരാകാശ നടത്തം എന്ന പദ്ധതി നാസ പ്രഖ്യാപിക്കുന്നത്.

ഈ മാസാവസാനത്തോടെ വനിതാ ബഹിരാകാശ സഞ്ചാരികളെമാത്രം പങ്കെടുപ്പിച്ച് ആദ്യ ബഹിരാകാശനടത്തം സംഘടിപ്പിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. വനിതാ ബഹിരാകാശ ശാസ്ത്രജ്ഞരായ ആനി മക്ക്‌ലെയിനും ക്രിസ്റ്റീന കോച്ചും ഇതില്‍ പങ്കാളികളാകും. ഏഴുമണിക്കൂര്‍ നീളുന്ന ബഹിരാകാശനടത്തമാണ് സംഘടിപ്പിക്കുന്നത്.

കിസ്റ്റിന കോച്ച് 2013 ലെ നാസയുടെ ബഹിരാകാശ യാത്രാക്ലാസില്‍ പങ്കെടുത്തവരാണ്. അന്നത്തെ ക്ലാസില്‍ പങ്കെടുക്കാനെത്തിയവരില്‍ പകുതിയും വനിതകളായിരുന്നു. 1978 ലാണ് നാസ ബഹിരാകാശപര്യവേഷണം ആരംഭിച്ചത്. തുടക്കത്തില്‍ ആറ് വനിതകള്‍ ബഹിരാകാശ ടീമില്‍ അംഗങ്ങളുമായി.

നിലവില്‍ നാസയുടെ ശാസ്ത്രജ്ഞരില്‍ മൂന്നിലൊന്നും സ്ത്രീകളാണ്. 1984 ജൂലൈ 25 നാണ് ആദ്യമായി ഒരുസ്ത്രീ സ്‌പേസ് വാക്ക് നടത്തിയത്. സോവിയറ്റ് യൂനിയന്റെ (റഷ്യ) സ്വെറ്റ്‌ലാനാ സാവിറ്റ്‌സ്‌കായയായിരുന്നു ഈ നേട്ടം ലഭിച്ചത്.