കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കണ്ണൂരില്‍; ജിദ്ദ വിമാനം നെടുമ്പാശ്ശേരിയിലിറക്കി

1

കോഴിക്കോട്: കരിപ്പൂരിലെ വിമാനാപകടത്തെ തുടര്‍ന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനം. കോഴിക്കോടേക്ക് എത്തേണ്ട ദുബായില്‍ നിന്നുള്ള ഫ്ലൈ ദുബായ് വിമാനം കണ്ണൂരില്‍ ഇറങ്ങും.

കരിപ്പൂരിലിറങ്ങേണ്ട ജിദ്ദയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് രാത്രി 9.20ഓടെ നെടുമ്പാശേരിയിലിറക്കിയത്. കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ ഇറക്കാനാണ് തീരുമാനം.

വിമാന അപകടത്തിൽ 17 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 15 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിൽ 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

അപകടത്തെ തുടര്‍ന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂര്‍ സഹായം ലഭ്യമാക്കുന്ന പ്രത്യേക ഹെല്‍പ്‍‍ ലൈന്‍ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വിമാനവും അതിലെ യാത്രക്കാരുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ 056 546 3903, 0543090572, 0543090572, 0543090575 എന്ന ഹെല്‍പ്‍‍‍ലൈന്‍‍‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹെല്പ് ഡെസ്ക് നമ്പർ- ഹെല്‍പ് ഡെസ്ക്- ഇ പി ജോണ്‍സണ്‍- 0504828472, അബ്ദുള്ള മള്ളിച്ചേരി- 0506266546, ഷാജി ജോണ്‍- 0503675770, ശ്രീനാഥ്- 0506268175.