ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോള്‍ കൊറോണ വൈറസ് അന്തരീക്ഷത്തിലേക്ക് വ്യാപിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

0

ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ സൂക്ഷിക്കുക … ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുന്നത് മൂലം കോവിഡ് പകരുമെന്ന് റിപ്പോര്‍ട്ട്. കൊറോണ ബാധിതനായ ഒരാളുടെ വിസര്‍ജ്യത്തില്‍ വൈറസ് സാനിധ്യം ഉണ്ടെന്നും ഉപയോഗ ശേഷം ടോയ്‌ലറ്റ് ഫ്‌ളെഷ് ചെയ്യുന്നത് മൂലം ഇവ അന്തരീക്ഷത്തില്‍ പടരുമെന്നുമാണ് പഠനം സൂചിപ്പിക്കുന്നത്. ചൈനയിലെ യാങ്ങ്‌സോഹു യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ റിപ്പോര്‍ട്ട് ഉള്ളത്.

ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ് എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് ഉള്ളത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ചൈനീസ് ഗവേഷകരെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കമ്പ്യൂട്ടര്‍ മാതൃകകള്‍ ഉപയോഗിച്ച് ഇവര്‍ പഠനം സമര്‍ത്ഥിക്കുന്നു. കോവിഡ് രോഗി ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്‌ളെഷ് ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലേക്ക് തെറിക്കുന്ന ജലകണങ്ങളിലൂടെ വൈറസ് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു എന്നാണ് ഇവര്‍ സമര്‍ത്ഥിക്കുന്നത്. നഗ്ന നേത്രങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്ത മല ശകലങ്ങളും വെള്ളത്തിനൊപ്പമുണ്ടാകും. അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന വൈറസ് പിന്നീട് മറ്റൊരാള്‍ ഈ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ വൈറസ് കണങ്ങള്‍ ശ്വസനത്തിലൂടെ അയാളുടെ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാകുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.

അതിനാല്‍ തന്നെ ടോയ്‌ലറ്റ് അടച്ചതിനുശേഷം മാത്രം ഫ്‌ളെഷ് ചെയ്യണമെന്നാണ് ഗവേഷകര്‍ നല്‍കുന്ന നിര്‍ദേശം. പൊതുശുചിമുറികളും വീടുകളിലെ ശുചിമുറികളും വളരെ വേഗത്തില്‍ തന്നെ രോഗ വ്യാപനം നടത്താന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. അതേസമയം ടോയ്‌ലറ്റിലൂടെ വൈറസ് വ്യാപനം എന്നത് തര്‍ക്കമറ്റ രീതിയില്‍ സ്ഥാപിക്കാന്‍ ഇവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

ഇങ്ങനെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അരിസോണ സര്‍വകലാശാലയിലെ മൈക്രോബയോളജിസ്റ്റ് ചാള്‍സ് പി ഗര്‍ബ പറയുന്നു. എന്നാല്‍ ഇത്തരമൊരു സാധ്യത എത്രമാത്രം ഉണ്ടെന്നതിനെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ടോയ്‌ലറ്റില്‍ നിന്നും വരുന്ന വൈറസുകള്‍ക്ക് രോഗവ്യാപനം സാധ്യമാണോ എന്ന തരത്തിലുള്ള പഠനം ആവശ്യമാണെന്നും ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ ബ്രയാന്‍ ബസ്‌ദെക് പറയുന്നു.