കുറുമ്പാച്ചി മല കയറിയ ബാബുവിനെതിരെ കേസ്

0

പാലക്കാട്: ചേറാട് കുറുമ്പാച്ചി മലയിൽ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്. കേരള ഫോറസ്റ്റ് ആക്ട് സെക്‌ഷൻ 27 പ്രകാരമാണ് കേസെടുക്കുക. ആറു മാസം വരെ തടവോ അല്ലെങ്കിൽ 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ റേഞ്ച് ഓഫിസർ ആഷിക് അലി, ബാബുവിന്റെ വീട്ടിലെത്തി മൊഴിയെടുത്തു.

ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒപ്പമുണ്ടായിരുന്ന 3 സുഹൃത്തുക്കൾക്ക് എതിരെയും കേസെടുത്തു. ഈ മാസം എട്ടിന് ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചേറോട് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് വിവരം പുറംലോകത്തെ അറിയിച്ചത്.

നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സൈന്യവും എൻഡിആർഎഫും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ബാബു തിരികെ ജീവിതത്തിലേക്ക് എത്തിയത്.