മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

0

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പു മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. നോട്ടീസ് നല്‍കി രാവിലെ 10.25നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം വീട്ടിൽ എത്തിയിരുന്നു. എന്നാൽ ഇന്നലെ രാത്രി തന്നെ ഇബ്രാഹിംകുഞ്ഞ് ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിജിലൻസ് നീക്കം ചോർന്നതിന് പിന്നാലെയാണ് അറസ്റ്റ് തടയാനുള്ള നീക്കവുമായി ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയതെന്ന ആരോപണം നിലനിൽക്കെയാണ് വിജിലൻസിന്റെ നിർണായക നീക്കം.

മുന്‍കൂര്‍ജാമ്യത്തിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അതേസമയം ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വാര്‍ത്ത പുറത്തെത്തിയതിനു പിന്നാലെ പാണക്കാട്ട് മുസ്‌ലിം ലീഗ് ഉന്നതാധികാരയോഗം ചേര്‍ന്നു. മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.