ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

0

ദുബായ്: ഗള്‍ഫില്‍ നാല് മലയാളികള്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് മുസ്തഫ, കണ്ണൂര്‍ കേളകം സ്വദേശി വരപോത്തുകുഴി തങ്കച്ചന്‍ എന്നിവര്‍ യുഎഇയിലും, മലപ്പുറം മക്കരപറന്പ് സ്വദേശി അരിക്കത്ത് ഹംസ അബുബക്കര്‍ സൗദിയിലെ മദീനയിലുമാണ് മരിച്ചത്, കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കത്തിലാണ്ൽ കുവൈത്തിലുമാണ് മരിച്ചത്.

ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 38 ആയി. വൈറസ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ചത് സൗദി അറേബ്യയിലാണ്. 24 മണിക്കൂറിനിടെ 1,344 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴുപേര്‍ മരിച്ചതോടെ സൗദിയിലെ മരണം 169ആയി. കുവൈത്തില്‍ പ്രവാസികളെ ആശങ്കയിലാക്കി ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുകയാണ്.

ഇവിടെ 103 ഇന്ത്യകാര്‍ക്കുകൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 1983 ആയി. കോവിഡ് രോഗ വ്യാപനത്തെത്തുടർന്നുള്ള വിമാന വിലക്ക് കാരണം ആറ് മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ബഹറിനില്‍ സംസ്കരിച്ചു. സാമൂഹിക പ്രവർത്തകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ മതാചാരങ്ങൾ പ്രകാരമായിരുന്നു സംസ്കാര ചടങ്ങ്.

രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ചുപേരുടെ മൃതദേഹങ്ങൾ നേരത്തെ കാർഗോ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. മസ്കത്തിൽ വിദേശികൾക്കായി പുതിയ കോവിഡ് പരിശോധനാ കേന്ദ്രം തുറന്നു. മബേല വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക് വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെ പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരം 88 പേരടങ്ങുന്ന ഇന്ത്യൻ മെഡിക്കൽ സംഘത്തെ യുഎഇയിലേക്ക് അയക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.