ഭൂമിയില്‍ സ്വര്‍ണ്ണം എങ്ങനെ വന്നു; അതിനുത്തരം ഇതാണ്

0

ഭൂമിയിലെ സ്വര്‍ണനിക്ഷേപത്തിനു പിന്നിലെ രഹസ്യം വെളിവാക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍രംഗത്ത് വന്നു. രണ്ട് ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍നിന്നുണ്ടായഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയതോടെയാണ് പ്രപഞ്ചത്തില്‍ സ്വര്‍ണം, പ്ലാറ്റിനം, രസം തുടങ്ങിയ ലോഹങ്ങള്‍ എവിടെനിന്ന് ഉത്ഭവിച്ചു എന്ന ചോദ്യത്തിന് ഗവേഷകര്‍ക്ക് ഉത്തരമായത്.

അമേരിക്കയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി (ലൈഗോ) ഗവേഷകരാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍നിന്നുണ്ടായ ഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയത്. ആദ്യമായാണ് രണ്ടുതരംഗങ്ങളും ഒരുമിച്ച് കണ്ടെത്തുന്നത്.

ഭൂമിയില്‍നിന്ന് 13 കോടി പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള നക്ഷത്രസമൂഹത്തിലെ രണ്ട് അതിസാന്ദ്ര ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ കൂട്ടിയടിച്ചുണ്ടായ ഗുരുത്വതരംഗങ്ങളാണ് ഓഗസ്റ്റ് 17-ന് ലൈഗൊ കേന്ദ്രങ്ങളില്‍ നിരീക്ഷിക്കപ്പെട്ടത്. ഇത്തരം ലോഹങ്ങളുടെ പകുതിയെങ്കിലും ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍നിന്നാണ് ഉണ്ടായതെന്ന് ഇതോടെ ഗവേഷകര്‍ക്ക് വ്യക്തമായി. ഈ കൂട്ടിയിടി പ്രപഞ്ചത്തില്‍ ചില രാസമാറ്റങ്ങളുണ്ടാക്കുകയും ഘനലോഹങ്ങളുടെ ഉത്ഭവത്തിന് കാരണമാകുകയും ചെയ്യുന്നതായി ഗവേഷകര്‍ പറയുന്നു.

പ്രപഞ്ചത്തില്‍ സ്വര്‍ണം, പ്ലാറ്റിനം, രസം തുടങ്ങിയ ഖനലോഹങ്ങള്‍ എവിടെനിന്ന് ഉദ്ഭവിച്ചെന്നതിന് ഉത്തരംകൂടിയാണ് ഇതോടെ കണ്ടെത്തപ്പെട്ടത്. ഇതുകൂടാതെ ഭൗതികശാസ്ത്രത്തിലെ ചുരുളഴിയാത്ത ഒട്ടേറെ സമസ്യകള്‍ക്ക് ഉത്തരം ലഭിച്ചതായും ഗവേഷകര്‍ പറയുന്നു.ചരിത്രസംഭവത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് ഗവേഷണ പങ്കാളിയായ ഫ്രാന്‍സ് സി.എന്‍.ആര്‍.എസ്.ശാസ്ത്രജ്ഞന്‍ ബിനോയ്റ്റ് മോറസ് പറഞ്ഞു. രണ്ട് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ അടുത്തടുത്ത് വരുന്നു. വേഗം കൂടിക്കൂടി ഒടുവില്‍ കൂട്ടിയിടിച്ച് ചിതറുന്നു. അവശിഷ്ടങ്ങള്‍ ചുറ്റും പരക്കുന്നു- മോറസ് പ്രക്ഷുബ്ധമായ പ്രാപഞ്ചിക പ്രതിഭാസം വിവരിച്ചു. ഇത്തരം അവശിഷ്ടങ്ങളില്‍ നിന്ന് പിന്നീട് ഘനലോഹങ്ങളായി പരിണമിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.