‘മെയ്ഡ് ഇൻ ഇന്ത്യ’ ക്രോംബുക്ക് ലാപ്‌ടോപ്പുകളുടെ നിർമ്മാണം ആരംഭിച്ച് ഗൂഗിൾ

0

എച്ച്പി കമ്പനിയുടെ സഹകരണത്തോടെ ഗൂഗിൾ ‘മെയ്ഡ് ഇൻ ഇന്ത്യ’ ക്രോംബുക്ക് ലാപ്ടോപ്പുകൾ നിർമിച്ചുതുടങ്ങി. ഇലക്ട്രോണിക്സ് ഉൽപാദന കമ്പനിയായ ഫ്ലെക്സിന്റെ ചെന്നൈയിലെ കേന്ദ്രത്തിലാണ് ലാപ്ടോപ്പുകൾ നിർമിക്കുന്നത്.ലാപ്ടോപ് ഇറക്കുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണം ഒരു വർഷത്തിനകം പ്രാബല്യത്തിൽ വരാനിരിക്കെയാണ് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ ഇന്ത്യയിലെ ഉൽപാദനപദ്ധതി പ്രഖ്യാപിച്ചത്.

ചൈനയിൽ നിന്നുള്ള ലാപ്ടോപ് ഇറക്കുമതിയെ ചെറുക്കുകയെന്നതാണ് കേന്ദ്രത്തിന്റെ പരോക്ഷ ലക്ഷ്യം. കംപ്യൂട്ടറിന് ആവശ്യമായ ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമില്ല. ടെക് ഭീമന്മാർ ഇന്ത്യയെ ഉൽപ്പാദന അടിത്തറയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ലക്ഷം കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്കുള്ള മറ്റൊരു വിജയം കൂടിയാണിതെന്നാണ് സുന്ദർ പിച്ചൈയുടെ പോസ്റ്റ് പങ്കിട്ടുകൊണ്ടു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എക്സിൽ(ട്വിറ്റർ) കുറിച്ചു.

ഐടി ഹാർഡ്‌വെയർ നിർമാണത്തിൽ ഇന്ത്യയുടെ ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനുമായി ഐടി ഹാർഡ്‌വെയറിനായി പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം 2.0 എന്ന പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചത് കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു.