കരിപ്പൂര്‍ വിമാനത്താവള റണ്‍വേക്ക് സമീപം ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെടുത്തു

0

കൊണ്ടോട്ടി | കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷാ മതിലിനോട് ചേര്‍ന്ന് ശക്തിയേറിയ സ്ഫോടക വസ്തു കണ്ടെടുത്തു. കൊണ്ടോട്ടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സംസ്ഥാനപാത-65 ല്‍ റണ്‍വേയുടെ സുരക്ഷാ മതിലിനോട് ചേര്‍ന്നാണ് സ്ഫോടക വസ്തുവായ ഗുണ്ട് കണ്ടെത്തിയത്. റണ്‍വേയിലേക്ക് ഇവിടെ നിന്ന് 50 മീറ്ററില്‍ താഴെയെ ദൂരമുള്ളൂ.

സംഭവവിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. മലപ്പുറത്ത് നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഗുണ്ട് നിര്‍വീര്യമാക്കി. തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തില്‍ ഓലപ്പടക്കത്തിന് കൂടെ പൊട്ടിക്കാന്‍ കൊണ്ടുവന്ന ഗുണ്ട് പൊട്ടാതെ കിടന്നതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.