വിദേശ ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം കൊണ്ടുവരാനുള്ള നിയന്ത്രണം ഇളവുചെയ്യും

0

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്കു വരുമ്പോള്‍ കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ നിയന്ത്രണത്തില്‍ കാലോചിതമായ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉറപ്പുനല്‍കിയതായി കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എം.പി.മാര്‍ അറിയിച്ചു.
 
വില നിരന്തരം കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ അളവിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഡ്യൂട്ടി ഈടാക്കുന്ന സംവിധാനം കൊണ്ടുവരണമെന്ന ആവശ്യം നടപ്പാക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയെന്നും അവര്‍ അറിയിച്ചു.
 
മധ്യവേനലവധിക്കാലത്ത് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്ന മലയാളികളെ പിഴിയുന്ന സമീപനമാണ് വിമാനക്കമ്പനികള്‍ സ്വീകരിക്കുന്നതെന്നും എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസ് ഉള്‍പ്പെടെ ആരംഭിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നും പ്രധാനമന്ത്രിയോടും വ്യോമയാനമന്ത്രിയോടും എം.പി.മാര്‍ ആവശ്യപ്പെട്ടു.
 
പൈലറ്റുമാര്‍ പൂര്‍ണമായും ജോലിക്ക് ഹാജരാകുന്ന മുറയ്ക്ക് പ്രത്യേകസര്‍വീസ് ആരംഭിക്കാമെന്ന് വ്യോമയാനമന്ത്രി അജിത് സിങ് ഉറപ്പുനല്‍കി. പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, ടി.എന്‍. സീമ, സി.പി. നാരായണന്‍, എം.ബി. രാജേഷ്, പി.കെ. ബിജു, എം.പി. അച്യുതന്‍, എ. സമ്പത്ത് എന്നിവരാണ് പ്രധാനമന്ത്രിയെയും വ്യോമയാനമന്ത്രിയെയും കണ്ടത്.