വിസിറ്റിംഗ് വിസയില്‍ സ്ത്രീകളുടെ വിദേശ യാത്രക്ക് നിയന്ത്രണം വരുന്നു; ഭര്‍ത്താവോ അടുത്ത ബന്ധുക്കളോ സ്പോണ്‍സര്‍ ചെയ്യണം

0

 

കൊച്ചി: വിസിറ്റിംഗ് വിസയില്‍ സ്ത്രീകള്‍ തനിച്ച് വിദേശ യാത്ര നടത്തുന്നതിന് നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യം കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി വെളിപ്പെടുത്തി. യാത്ര നടത്തുന്ന രാജ്യങ്ങളില്‍ ഭര്‍ത്താവോ അച്ഛനോ വളരെയടുത്ത ബന്ധുക്കളോ ഉണ്ടെങ്കില്‍ മാത്രം യാത്രക്ക് അനുമതി നല്‍കുന്ന തരത്തിലുള്ള നിയമം കൊണ്ടാവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് ഉത്തരവായിട്ടില്ലെന്നും ചര്‍ച്ചകള്‍ നടത്തി അന്തിമ തീരുമാനം എടുക്കുമെന്നും വയലാര്‍ രവി പറഞ്ഞു.
 
ഗള്‍ഫ് മേഖലയിലേക്കടക്കം വിസിറ്റിംഗ് വിസയില്‍ സ്ത്രീകളെ കടത്തുന്ന വന്‍ സെക്സ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയമം കര്‍ശനമാക്കാന്‍ ആലോചിക്കുന്നത്. ആഭ്യന്തര മന്ത്രാലയവുമായും ആലോചനകള്‍ നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്ന് വയലാര്‍ രവി വ്യക്താക്കി. ഗള്‍ഫ് ഉള്‍പ്പെടെ എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള രാഷ്ട്രങ്ങളില്‍ വിസിറ്റിങ്ങ് വിസയില്‍ സ്ത്രീകളെ കൊണ്ടുപോയി ലൈംഗിക വ്യാപാരമടക്കമുള്ള ചൂഷണം നടത്തുന്നതിനെതിരെയാണ് നിയമനിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
 
ആന്ധ്രയിലെ ചില ജില്ലകളില്‍ നിന്ന് സ്ത്രീകളെ ലൈംഗിക വ്യാപാരത്തിന് കൊണ്ടുപോകുന്നുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഇക്കാര്യം പരിശോധിച്ചിരുന്നു. സ്ത്രീകള്‍ വിദേശത്തേക്ക് പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നെങ്കിലും എതിര്‍പ്പിനെതുടര്‍ന്ന് നടപ്പാക്കിയില്ല. ഏജന്‍സികള്‍ വഴിയുള്ള വിസിറ്റിങ്ങ് വിസയില്‍ കൊണ്ടുപോയാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നത്.
 
കേരളത്തില്‍ ഇപ്പോള്‍ തിരുവനന്തപുരത്തും എറണാകുളത്തുമായി രണ്ട് എമിഗ്രേഷന്‍ റിസോഴ്സ് സെന്ററുകള്‍ ഉണ്ട്. സെന്ററുകളില്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സെന്ററുകള്‍ തുറക്കുമെന്നും വയലാര്‍ രവി അറിയിച്ചു. ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ അമേരിക്കന്‍ നാവികസേനയുടെ കപ്പലില്‍ നിന്ന് വെടിവെച്ചത് തെറ്റായ നടപടിയാണെന്നും കൊല്ലപ്പെട്ട തമിഴ്നാട്ടുകാരനായ തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന് സഹായം നല്‍കുന്നതിന് നടപടിയെടുക്കാനും കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.