ഭാര്യാപിതാവിൽ നിന്ന് 108 കോടി തട്ടിച്ച കേസ്: മരുമകൻ ഹാഫിസ് കുദ്രോളി പിടിയിൽ

0

ബെംഗളുരു: പ്രവാസി വ്യവസായിയിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്ത കേസിൽ മരുമകൻ ഹാഫിസ് കുദ്രോളിയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻകം ടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റർ പാ‍ഡ് തയ്യാറാക്കി പണം തട്ടിയ കേസിലാണ് അറസ്റ്റ്. ആലുവ സ്വദേശിയായ അബ്ദുൾ ലാഹിറിൽ നിന്നാണ് പലപ്പോഴായി കോടികൾ തട്ടിയത്. എറണാകുളം മരടിലെയും ബംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജ രേഖകൾ നൽകി വിശ്വസിപ്പിച്ചാണ് ഹാഫിസ് കുദ്രോളി ഭാര്യാ പിതാവായ വ്യവസായിയുടെ പണം തട്ടിയെടുത്തത്.

ദുബായിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ലാഹിർ ഹസ്സന്‍റെ എൻആർഐ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. ഹാഫിസ് ഉന്നത ഇൻകം ടാക്സ് ഓഫീസറുടെ പേരിൽ വ്യാജ സീലും ഒപ്പുമിട്ട് വാട്സ് ആപ്പ് വഴി നൽകിയ ലെറ്റർ ഹെഡ് ഉൾപ്പെടെയുള്ള രേഖകൾ ഗോവ പൊലീസിന്റെ കൈവശം ഉണ്ടെന്നാണ് വിവരം. ആദ്യം ഗോവയിലെ ഹാഫിസിന്റെ വിലാസത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബെംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. ഈ കേസിൽ നിലവിൽ ഹാഫിസിനു പുറമെ സുഹൃത്തായ എറണാകുളം സ്വദേശി അക്ഷയയും പ്രതിയാണ്.

അക്ഷയ് ആണ് വ്യാജ രേഖകൾ പലതും ഹാഫിസിന് നിർമ്മിച്ചു കൊടുത്തത് .എൻഫോഴ്സ്മെന്റ് ഓഫീസറുടെ ഉൾപ്പെടെ വ്യാജ ലെറ്റർപാഡ് സംബന്ധിച്ച് അക്ഷയ്യുടെ കുറ്റസമ്മത ഓഡിയോ ക്ലിപ്പുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഗോവ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ നാരായൻ ചിമുൽക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഗോവയിലേക്കു കൊണ്ടുപോയ ഹാഫിസിനെ കോടതിയിൽ ഹാജരാക്കും. ഈ കേസ് ആദ്യം അന്വേഷിച്ചിരുന്ന ആലുവ ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ളവർ കേസ് അട്ടിമറിക്കുന്നെന്ന പരാതിയെ തുടർന്നാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നത്.

ഇതിനു പുറമെ ഹാഫിസ് അനധികൃതമായി തട്ടിയെടുത്ത 108 കോടി രൂപ ഏതൊക്കെ അക്കൗണ്ടിലാണ് പോയതെന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്, ലാഹിർ ഹസ്സന്റെ മകൾ ഡി.ജി.പിക്ക് നൽകിയ പരാതി നൽകിയിരുന്നു. കാസർഗോഡ് ചേർക്കള സ്വദേശി ഹാഫിസ് കുത്രോളി വിവാഹം ചെയ്തിരുന്നത് ലാഹിർ ഹസ്സന്റെ മകൾ ഹാജിറയെ ആയിരുന്നു. ഹാഫിസിന്റെ ക്രിമിനൽ സ്വഭാവവും തട്ടിപ്പും മനസ്സിലാക്കിയതോടെ വിവാഹ മോചനത്തിന് ഹർജി നൽകിയിട്ടുണ്ട്.