വാല്‍വുള്ള എന്‍ 95 രോഗവ്യാപനത്തെ പ്രതിരോധിക്കില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

0

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍-95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം. സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് കത്ത് നൽകി. വാൽവുള്ള എൻ95 മാസ്ക് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.

ശുദ്ധവായു വാൽവിലൂടെ ഉള്ളിലെത്തുമെങ്കിലും. മാസ്ക് ധരിക്കുന്നവർ പുറന്തള്ളുന്ന വായു അപകടകരമായേക്കാമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വിദഗ്ധ ഉപദേശം പരിഗണിച്ച് ഇത്തരത്തിലുള്ള മാസ്കുകൾ ഉപയോഗിക്കരുതെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്.

പൊതുജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍-95 മാസ്‌കുകള്‍ തെറ്റായ വിധത്തില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ളതാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

പൊതുജനങ്ങള്‍ വീടുകളിലുണ്ടാക്കുന്ന തുണികൊണ്ടുള്ള മാസ്‌കുകള്‍ ഉപയോഗിക്കാനും എന്‍-95 മാസ്‌കുകളുടെ ഉപയോഗം ആരോഗ്യപ്രവര്‍ത്തകര്‍ക്കു മാത്രമായി നിയന്ത്രിക്കാനും നിര്‍ദേശത്തില്‍ പറയുന്നു. ഏപ്രിൽ മാസത്തിൽ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വീടുകളിൽ തന്നെ നിർർമ്മിക്കുന്ന തുണി മാസ്കുകളാണ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ നല്ലത്.

കാലിഫോർണിയ ബേയ് ഏരിയ നിരവധി ഭരണകൂടങ്ങൾ വാൽവുള്ള മാസ്‌കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടേയും നടപടി.