ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനെ പെണ്‍മക്കളുടെ മുന്നിലിട്ട് വെടിവെച്ച് അഞ്ചംഗ സംഘം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0

ഗാസിയാബാദ്: ഡല്‍ഹി ഗാസിയാബാദില്‍ പെണ്‍മക്കളുടെ മക്കളുടെ മുന്നിൽ വച്ച് മാധ്യമപ്രവർത്തകനെ വെടിവെച്ച് അഞ്ചംഗ സംഘം. ഇന്നലെ രാത്രി 10.30 ഓടെ ഗാസിയാബാദിൽ വെച്ചാണ് മാധ്യമപ്രവർത്തകനായ വിക്രം ജോഷിക്കെതിരെ ആക്രമണമുണ്ടായത്.

തൻ്റെ രണ്ട് പെണ്മക്കളുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ തലക്ക് ഗുരുതര പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. ഓടിക്കൊണ്ടിരുന്ന ബൈക്കിനെ ഒരു സംഘം വളഞ്ഞിട്ട് തടയുകയും അക്രമിക്കുകയും ചെയ്യുന്നത് ദൃശ്യത്തിലുണ്ട്.

തലക്ക് വെടിയേറ്റ വിക്രം ജോഷിയെ അതീവ ഗുരുതരാവസ്ഥയില്‍ ഗാസിയാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനപ്രതിയടക്കം അക്രമം നടത്തിയ അഞ്ചു പേരേയും അറസ്റ്റ് ചെയിതിട്ടുണ്ടെന്നും ഇവര്‍ ജോഷിയുടെ കുടുംബത്തിന് അറിയാവുന്നവരാണെന്നും പോലീസ് അറിയിച്ചു.അക്രമകാരികള്‍ ജോഷിയെ കാറിലേക്ക് വലിച്ചിഴക്കുന്നതും മര്‍ദിക്കുന്നതും സംഭവ സ്ഥലത്ത് നിന്ന് ഓടിമറയുന്നതും കാണാം.

പരിക്കേറ്റു കിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കുന്നതിനായി പെണ്‍കുട്ടികള്‍ വാഹനങ്ങള്‍ക്ക് മുന്നില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതായും ദൃശ്യത്തിലുണ്ട്‌. തുടർന്ന് നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നത്. അതേ സമയം, വെടിവെക്കുന്ന ദൃശ്യങ്ങൾ വ്യക്തമല്ല.

തിങ്കളാഴ്ച രാത്രി 10.30-ഓടെയാണ് ആക്രമണം നടന്നത്. തന്റെ മരുമകളെ ഒരു സംഘം അക്രമിച്ചതായി കാണിച്ച് വിക്രം ജോഷി അടുത്തിടെ പോലീസില്‍ പരാതി നല്‍കിയിരുന്നു.