രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

0

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് ഔദ്യോഗികമായി രാജി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി.ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ പറയുന്നു. പുതിയ അധ്യക്ഷനെ ഉടൻ കണ്ടെത്തണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.രാജി നൽകിയ സ്ഥിതിക്ക് പാർട്ടി അധ്യക്ഷ സ്ഥാനത്തു കൂടുതൽ ദിവസം തുടരില്ലെന്ന് രാഹുൽ ഗാന്ധി വ്യക്‌തമാക്കി.

അധികം കാലതാമസമില്ലാതെ കോൺഗ്രസ് പ്രവർത്തക സമിതി പുതിയ അധ്യക്ഷനെ തീരുമാനിക്കണം. ഇതിനായുള്ള നടപടികളിൽ പങ്കാളിയാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെൻറ് വളപ്പിൽ തന്നെ വന്നുകണ്ട മാധ്യമപ്രവർത്തകരോടാണ് രാഹുൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

നാലു പേജോളം വരുന്ന രാജിക്കത്ത് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്യുകയായിരുന്നു. ട്വിറ്റർ അകൗണ്ടിൽ നൽകിയിരുന്ന പദവിയും രാഹുൽ ഗാന്ധി നീക്കം ചെയ്തു. പുതിയ അധ്യക്ഷനെ എത്രയും വേഗം പ്രവർത്തക സമിതി വിളിച്ചു ചേർത്ത് കണ്ടെത്തണം. ആ പ്രക്രിയയിൽ ഞാൻ അംഗമല്ല. നേരത്തെ തന്നെ ഞാൻ രാജിക്കത്ത് സമർപ്പിച്ചിരുന്നു. അതിനാൽ, ഇപ്പോൾ കോൺഗ്രസ് അധ്യക്ഷനല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മെയ് 25ന് ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് രാഹുൽ രാജി സന്നദ്ധത പ്രഖ്യാപിച്ചത്. 2017 ലാണ് കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേറ്റത്.