പണിമുടക്കി ഫേസ്ബുക്കും, വാട്സ്ആപ്പും, ഇന്‍സ്റ്റഗ്രാമും; ഉടന്‍ പരിഹരിക്കുമെന്ന് ഫേസ്ബുക്കിന്റെ അറിയിപ്പ്

0

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്ക് തകരാര്‍. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹ്യമാധ്യമങ്ങളിലാണ് തകരാര്‍ കണ്ടെത്തിയത്. ചിത്രങ്ങളും വീഡിയോകളും ഡൗണ്‍ ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടു.

സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും സ്റ്റാറ്റസുകളും വീഡിയോകളും കാണാനാകുന്നില്ലെന്നും പരാതിയുണ്ട്. സര്‍വര്‍ തകരാറാണെന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍ തകരാര്‍ ഇതുവരെ പരിഹരിക്കാന്‍ പറ്റുന്നില്ല. ഇന്ത്യയ്ക്കു പുറമേ ഓസ്‌ട്രേലിയ, യുഎസ്സ്, യൂറോപ്പ്, ബ്രസീല്‍ എന്നീ രാജ്യങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഫേസ്ബുക്ക് പുറത്തു വിട്ടിട്ടുണ്ട്. സേവനങ്ങളില്‍ തടസ്സം ഉണ്ടായതിനാല്‍ എത്രയും പെട്ടെന്ന് ഇത് പരിഹരിക്കുമെന്നാണ് ഫേസ്ബുക്ക് ട്വിറ്ററിലൂടെ അറിയിച്ചത്.

അതേ സമയം ഇന്റര്‍നെറ്റ് ഹോസ്റ്റിങ് പ്ലാറ്റ് ഫോമായ ക്ലൗഡ് ഫെയറിലും സേവന തടസ്സം നേരിട്ടിട്ടുണ്ട്. ക്ലൗഡ് ഫെയറും ട്വിറ്ററില്‍ പ്രതികരിച്ചിട്ടുണ്ട്.

വൈകീട്ട് ആറ് മണിക്ക് ശേഷമാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. സമാനമായ പ്രശ്‌നം കഴിഞ്ഞ മാര്‍ച്ച് 13നും സംഭവിച്ചിരുന്നു. അന്നും വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ താറുമാറാകുകയും പലര്‍ക്കും ലോഗിന്‍ ചെയ്യാനാകാത്ത സാഹചര്യവുമായിരുന്നു.