വിമാനം തടഞ്ഞ് ലക്ഷകണക്കിന് മാസ്‌കുകൾ അമേരിക്ക തട്ടിയെടുത്തു; ആരോപണവുമായി ജർമനി

0

ലോകമെമ്പാടും കൊറോണ വൈറസ് പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ രണ്ട് ലക്ഷത്തോളം എൻ 95 മാസ്കുകൾ അമേരിക്ക തട്ടിയെടുത്തെന്ന ആരോപണവുമായി ജർമനി രംഗത്തെത്തി. ചൈനയിൽ നിന്ന് ജർമനിയിലേക്ക് മാസ്കുകളുമായി പുറപ്പെട്ട വിമാനം ബാങ്കോക്കിൽ തടഞ്ഞുനിറുത്തി അമേരിക്കയിലേക്ക് കൊണ്ടുപോയെന്നാണ് ജർമനി ആരോപിക്കുന്നത്. ഫ്രാൻസും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

അമേരിക്ക അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണെന്നും ഇത് ആധുനികകാലത്തിന്റെ കൊള്ളയാണെന്നും ബെർലിൻ സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി ആൻഡ്രിയാസ് ജിസെൽ പറഞ്ഞു. 3 എം എന്ന അമേരിക്കൻ കമ്പനിക്ക് വേണ്ടി ഒരു ചൈനീസ് കമ്പനിയാണ് മാസ്കുകൾ നിർമിച്ച് നൽകുന്നത്. ജർമനിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും ബെർലിനിൽ നിന്ന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്നും 3 എം അറിയിച്ചു.മാസ്കുകൾ കിട്ടിയ ശേഷം പണം നൽകാമെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാൽ അമേരിക്ക പണം നൽകി മാസ്കുകൾ കൊണ്ടുപോവുകയായിരുന്നെന്നും ജർമൻ അധികൃതർ പറയുന്നു.

അമേരിക്ക ഇരട്ടിയിലധികം വില നൽകി അന്താരാഷ്ട്ര വിപണിയിൽ നിന്ന് എല്ലാം വാങ്ങിക്കൂട്ടുകയാണെന്ന് ഫ്രാൻസും ആരോപിച്ചു.മാസ്ക് ഉപയോഗിച്ചതുകൊണ്ട് രോഗം തടയാനാവില്ലെന്നായിരുന്നു നേരത്തെ അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സിഡിസി) പറഞ്ഞത്. എന്നാൽ രോഗികൾ മൂന്ന് ലക്ഷത്തിലേക്കടുക്കുന്ന അമേരിക്കയിൽ വെള്ളിയാഴ്ചയാണ് ആളുകൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കണമെന്ന നിർദേശം വന്നത്.

മാസ്‌കുകള്‍ നേരിട്ട് കണ്ട് ഗുണനിലവാരം ഉറപ്പാക്കിയശേഷം പണം നല്‍കാനാണ് ജര്‍മനി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒന്നും നോക്കാതെ പണം നല്‍കി മാസ്‌കുകള്‍ സ്വന്തമാക്കുകയാണ് അമേരിക്ക ചെയ്തതെന്ന് ജര്‍മന്‍ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

അതേസമയം, മാസ്‌കുകളും മെഡിക്കല്‍ ഉപകരണങ്ങളും വന്‍തോതില്‍ സംഭരിക്കാനുള്ള ശ്രമമാണ് അമേരിക്കയില്‍ നടക്കുന്നത്. രണ്ടരലക്ഷത്തിലേറെ പേര്‍ക്ക് കൊറോണ ബാധിക്കുകയും 6600 പേര്‍ മരിക്കുകയും ചെയ്തതോടെ കടുത്ത ജാഗ്രതയിലാണ് രാജ്യം. കൂടുതല്‍ മാസ്‌കുകള്‍ നിര്‍മിക്കാന്‍ 3എമ്മിനോട് യുഎസ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍.