പ്രണയദിനത്തില്‍ ഒരു ഐഎഎസ് വിവാഹത്തിന് സാക്ഷ്യം വഹിച്ച് കോഴിക്കോട്

0

സെന്റ് വാലന്റൈനിന്റെ ഓർമ്മ പുതുക്കുന്ന ഈ പ്രണയ ദിനത്തിൽ ഒരു ഐ എ എസ് പ്രണയസാഫല്യത്തിന് കോഴിക്കോട് നഗരം സാക്ഷിയായി. കർണാടകയിലെ ദാവൻഗരെ ജില്ലാപഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ (സിഇഒ) കോഴിക്കോട് സ്വദേശി അശ്വതി സെലുരാജും ദാവൻഗരെ കലക്ടർ ബഗാഡി ഗൗതവും ടഗോർ സെന്റിനറി ഹാളിൽവെച്ച് വിവാഹിതരായി. ആന്ധ്ര വിശാഖപട്ടണം സ്വദേശിയായ ബഗാഡി ഗൗതം സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ അശ്വതിയുടെ സീനിയറായിരുന്നു. ഗൗതം 2009 ബാച്ചുകാരനും അശ്വതി 2013 ബാച്ചിലെ ഐ എ എസു കാരിയും. നാലര വര്‍ഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഇരുവരുടേയും ഐ എ എസ് സുഹൃത്തുക്കളും വിവാഹത്തിനെത്തി.

ദാവന്‍ഗരെ ജില്ലയുടെ മുഖഛായ മാറ്റിയ ഉദ്യോഗസ്ഥ ആയാണ് അശ്വതി അറിയപ്പെടുന്നത്. കുടിവെള്ളമില്ലാത്ത ജില്ലയിലെ ഓരോ വീട്ടിലും ദിവസം 22 ലിറ്റര്‍ കുടിവെള്ളമെത്തിച്ച ഉദ്യോഗസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം എന്നീ 29 വകുപ്പുകളുടെ ചുമതലയുള്ള ഓഫീസര്‍. കോഴിക്കോട് ചേവായൂരിലെ ടി ബി സെലുരാജ് പുഷ്പ ദമ്പതികളുടെ മകളാണ് അശ്വതി സെലുരാജ്.