ശോഭനാ ജോര്‍ജിനെതിരെ മോഹൻലാൽ: മാനനഷ്ടത്തിന് 50 കോടി ആവശ്യപ്പെട്ട് നോട്ടീസയച്ചു

1

തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡിനോട് അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍.

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ഒരു ടെലിവിഷന്‍ പരസ്യത്തില്‍ അഭിനയിച്ചതിന് തനിക്കെതിരെ ഖാദി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ് നടത്തിയ പരസ്യ പരാമര്‍ശങ്ങള്‍ തന്നെ അപമാനിക്കുന്ന തരത്തിലായിരുന്നുവെന്ന് ആരോപിച്ചാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ശോഭനാ ജോർജ്ജ് മാപ്പുപറയണമെന്നും, മുൻനിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നൽകാൻ തയ്യാറായില്ലെങ്കിൽ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ നവംബറിലാണ് ഈ നോട്ടീസ് മോഹൻലാൽ ശോഭനയ്ക്ക് അയച്ചതെങ്കിലും ഇപ്പോഴാണ് ഇതിന്റെ വിശദാംശങ്ങൾ പുറത്തു വരുന്നത്.

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ച് പ്രമുഖ മുണ്ടുനിര്‍മ്മാണ കമ്പനിയുടെ പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് സംസ്ഥാന ഖാദി ബോര്‍ഡ് മുണ്ട് നിര്‍മ്മാണ കമ്പനിക്കും മോഹന്‍ലാലിനും നേരത്തെ നോട്ടീസ് അയച്ചിരുന്നു.

ഒരു പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയുടെ പരസ്യത്തിന്റെ ഭാ​ഗമായി ചർക്കയിൽ നൂൽ നൂൽക്കുന്ന രം​ഗത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടർന്ന് സംസ്ഥാന ഖാദി ബോര്‍ഡ് മോഹൻലാലിനും മുണ്ട് നിര്‍മ്മാണ കമ്പനിക്കും നോട്ടീസ് അയച്ചു.

ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാദി ബോർഡ് നോട്ടീസയച്ചത്.

മോഹന്‍ലാലിനെ പോലൊരു നടന്‍ ഇത്തരം പര്യസങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന വക്കീല്‍ നോട്ടീസിനെ തുടര്‍ന്ന് ചര്‍ക്ക ഉള്‍പ്പെടുത്തിയ പരസ്യം പിന്‍വലിക്കാന്‍ മുണ്ട് നിര്‍മ്മാണ കമ്പനി തയ്യാറായിരുന്നു.

എന്നാല്‍ ശോഭനാ ജോര്‍ജിന്റെ പരാമര്‍ശം തന്നെ അപമാനിക്കുന്നതാണെന്നും വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്ത സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നുമാണ് മോഹന്‍ലാലിന്റെ ആവശ്യം.

പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുചടങ്ങില്‍ പരസ്യമായി ആക്ഷേപിച്ചു, പത്ര ദൃശ്യമാധ്യമങ്ങളിളും മറ്റും വാര്‍ത്ത നല്‍കി, വക്കീല്‍ നോട്ടീസ് അയക്കുന്നതിന് മുന്‍പ് ഉണ്ടായ ഇത്തരം നടപടികള്‍ വൃത്തികെട്ട പ്രശസ്തി ലക്ഷ്യമിട്ടാണെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടത്.

വക്കീല്‍ നോട്ടിസിനെ നിയമപരമായി നേരിടാനാണ് ആലോചിക്കുന്നതെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. 50 കോടി നല്‍കാനുള്ള ശേഷി ഖാദി ബോര്‍ഡിനില്ല. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിനു വക്കീല്‍ നോട്ടിസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ഥനയുടെ രൂപത്തിലാണു നോട്ടിസ് അയച്ചതെന്നും അവർ പറഞ്ഞു.

നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് മോഹൻലാലിന്റെ നിലപാടെന്നാണ് സൂചന.